തെലങ്കാന ബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചു.
ലോക്സഭയില്‍ ബിജെപി ബില്ലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികളോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി ഇന്നു രാവിലെ യോഗം ചേര്‍ന്ന് തെലങ്കാന വിഷയത്തില്‍ ബിജെപിയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ ചര്‍ച്ച പരാജയപ്പെട്ടു.
ബിജെപി നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതെങ്കില് വീണ്ടും ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ബില്‍ പാസ്സാക്കാന്‍ കഴിയാതെ പോകും.
രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജിവച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കിരണ്‍കുമാര്‍ റെഡ്ഡി പുതിയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് സൂചനകള്‍.