ഹൌറ-മുംബൈ തുരന്തോ എക്സ്പ്രസ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭാഗ്യത്തിന്റെ ആനുകൂല്യം! വെള്ളിയാഴ്ച രാവിലെ യാത്ര ആരംഭിച്ച് അരമണിക്കൂറിനു ശേഷം എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വാന്‍ മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെട്ടിട്ടും അപകടമൊന്നും ഉണ്ടായില്ല.
ഹൌറയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍ സ്റ്റോപ് എക്സ്പ്രസ് ട്രെയിന്‍ യാത്ര പുറപ്പെട്ട് 37 മിനിറ്റുകള്‍ക്ക് ശേഷമാണ് എഞ്ചിന്‍ വാന്‍ മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെട്ടത്. കോച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സെണ്ട്രല്‍ ബഫര്‍ കപ്ലിംഗില്‍ (സിബിസി) വന്ന തകരാറാണ് എഞ്ചിന്‍ വാന്‍ വേര്‍പെടാന്‍ കാരണമായത്.
എഞ്ചിന്‍ വേര്‍പെട്ട കോച്ചുകള്‍ കുറെ ദൂരം ഓടിയ ശേഷമാണ് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുപയോഗിച്ച് നിര്‍ത്തിയത്. ട്രെയിന്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ദക്ഷിണ പൂര്‍വ റയില്‍വെ അറിയിച്ചു.
രാവിലെ 8:20 ന് ഹൌറയില്‍ നിന്ന് യാത്രതിരിച്ച ട്രെയിനിന്റെ എഞ്ചിന്‍ 8.57 ന് ഉലുബെരിയ സ്റ്റേഷനു സമീപം വച്ചാണ് കോച്ചുകളില്‍ നിന്ന് വേര്‍പെട്ടത്. എഞ്ചിന്‍ സ്റ്റേഷനിലേക്ക് എത്തിച്ച് സിബിസിയുടെ അറ്റകുറ്റപ്പണി നടത്തിയ ശേഷം 10.27 ന് യാത്ര പുനരാരംഭിച്ചു.