ചെന്നൈയിലെ ഒരു സബര്‍ബര്‍ തീവണ്ടി എന്‍ജിന്റെ താക്കോലാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതെ പോയത്. സബര്‍ബന്‍ തീവണ്ടിയുടെ താക്കോല്‍ ഉപയോഗിച്ച് മറ്റ് തീവണ്ടികള്‍ സ്റ്റാര്‍ട്ടാക്കാന്‍ കഴിയുമെന്നതാണ് അധികൃതരെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്.
ചെന്നൈയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ താംബരം സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയാണ് താക്കോല്‍ അടങ്ങിയ പെട്ടി കാണാതെപോയത്. കുറച്ചു വര്‍ഷം മുമ്പ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുസമീപമുള്ള എഗ്മൂര്‍ സബര്‍ബന്‍ സ്റ്റേഷനില്‍ അജ്ഞാത യുവാവ് തീവണ്ടി ഓടിച്ച് മറ്റൊരു തീവണ്ടിയുടെ പിറകിലിടിച്ച് ഏഴ് യാത്രക്കാരുടെ മരണത്തിനിടയാക്കിയിരുന്നു.
ഇതു മോഷ്ടിച്ചതായി കരുതപ്പെടുന്ന താംബരം സ്വദേശി രമേഷിനെ ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷില്‍ വെച്ച് പോലീസ് പിടികൂടിയെങ്കിലും പെട്ടിയോ താക്കോലോ രമേഷിന്റെ കൈയിലുണ്ടായിരുന്നില്ല. പെട്ടിയില്‍ പണമൊന്നുമില്ലാത്തതിനാല്‍ ദിണ്ടിഗലിലേക്കുള്ള യാത്രയ്ക്കിടയില്‍ തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് കളഞ്ഞുവെന്നായിരുന്നു മൊഴി.
താംബരം റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രമേഷിനെ പോലീസ് പിടികൂടിയത്. പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഷ്ടിച്ചതെന്നും എന്നാല്‍ തീവണ്ടിയില്‍ കയറി പെട്ടി തുറന്നു പരിശോധിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റും പാസ്ബുക്കും മാത്രമാണുണ്ടായിരുന്നതെന്നുമാണ് രമേഷ് പോലീസിന് നല്കിയ മൊഴി.
എന്ജിന് ഡ്രൈവറായ ഈശ്വര മൂര്‍ത്തിയാണ് ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് പെട്ടി സ്റ്റേഷന് മാസ്റ്ററുടെ മുറിയില്‍ കൊണ്ടുവെച്ചത്.