ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 14 ഏപ്രില്‍ 2010 (13:23 IST)
PRO
വിദേശകാര്യ സഹമന്ത്രി ശശി തരൂരിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. കൊച്ചി ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഭീഷണി. ലളിത് മോഡിയോട് മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നുമാണ് തരൂരിന്‍റെ മൊബൈലില്‍ എത്തിയ എസ്‌എംഎസ് സന്ദേശത്തിലെ ഭീഷണി.
തരൂരിന്‍റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിവരം തരൂര്‍ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചതായും തരൂരിനും അദ്ദേഹത്തിന്‍റെ ഓഫീസിനും സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഭീഷണി വാര്‍ത്ത സ്ഥിരീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. ഡല്‍ഹി പൊലീസും ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല.
തരൂരിന് സാധാരണ സുരക്ഷയാണ് നല്‍കിയിരിക്കുന്നതെന്നും സുരക്ഷ വര്‍ദ്ധിപ്പിച്ച കാര്യം അറിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളും ഡല്‍ഹി പൊലീസും വ്യക്തമാക്കുന്നത്. ഷക്കീല്‍ എന്ന പേരില്‍ മുംബൈയിലെ ഒരു നമ്പരില്‍ നിന്നാണ് തരൂരിന് സന്ദേശം എത്തിയതെന്നായിരുന്നു തരൂരിന്‍റെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തെക്കുറിച്ച് തരൂര്‍ രേഖാമൂലം പൊലീസിന് പരാതി നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു. കേരള ഐപിഎല്‍ ടീമുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ദുബായ് ആസ്ഥാനമായുള്ള ഒരു അധോലോക സംഘം കൊച്ചി ടീമിലെ നിക്ഷേപകരെ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതായി റോങ്ദേവൂ കണ്‍സോര്‍ഷ്യം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.