ഡീസല്‍ വില കുറച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഡീസല്‍ വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അതേ സമയം, പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ സാധ്യതയില്ല.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ തന്നെ ഡീസല്‍ വിലയില്‍ കുറവേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആഭ്യന്തര വിപണിയില്‍ ഡീസല്‍ വിലയില്‍ രണ്ട് ഘട്ടങ്ങളായി നാല് രൂപയോളം കുറവ് വരുത്തിയിരുന്നു.

ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്ര മന്ത്രിസഭ രണ്ട് ദിവസത്തിനുള്ളില്‍ യോഗം ചേരും. ഡീസല്‍ വിലയില്‍ കുറവേര്‍പ്പെടുത്തിയാല്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാനും അതിലൂടെ പഴങ്ങളും പച്ചക്കറികളുമടക്കമുള്ള ചരക്കുകളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിനകം തന്നെ രണ്ട് ഘട്ടങ്ങളിലായി പത്ത് രൂപയോളം കുറവ് വരുത്തിയ പെട്രോളിന് ഇനി വില കുറയ്ക്കാന്‍ സാധ്യതയില്ല.

പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ പെട്രോള്‍ വില്‍പനയില്‍ ലിറ്ററിന് 0.08 രൂപ മാത്രം ലാഭം നേടുമ്പോള്‍ ഡീസലിന് ലിറ്ററിന് 3.26 രൂപയോളം ലാഭമാണുണ്ടാക്കുന്നത്. മൂന്ന് കമ്പനികളും ഡീസല്‍ വില്‍പനയില്‍ ദിവസം 36 കോടി രൂപ ലാഭമുണ്ടാക്കുന്നുണ്ട്.

അതേസമയം മണ്ണെണ്ണ വില്‍പനയില്‍ 24 കോടി രൂപയും പാചക വാതക വില്‍പനയില്‍ ഒമ്പത് കോടി രൂപയും ദിവസം നഷ്ടം സംഭവിക്കുന്നു. മണ്ണെണ്ണ ലിറ്ററിന് 11.7 രൂപയുടെയും പാചക വാതകം സിലിണ്ടറിന് 77.51 രൂപയുടെ നഷ്ടവുമാണ് വില്‍പനയില്‍ നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :