ട്രെയിന്‍ കൂട്ടിയിടി: മരണം 10 ആയി

കാണ്‍‌പൂര്‍| WEBDUNIA|
PTI
കനത്ത മൂടല്‍മഞ്ഞില്‍ യുപിയിയില്‍ രണ്ടിടത്ത് നാല് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് അപകടങ്ങളിലുമായി കുറഞ്ഞത് 39 പേര്‍ക്ക് പരുക്ക് പറ്റി. 15 പേര്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്.

കാണ്‍‌പൂര്‍ ജില്ലയിലെ പങ്കിയില്‍ വച്ച് ഗോരഖ്നാഥ് എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന പ്രയാഗ്‌രാജ് എക്സ്പ്രസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇതില്‍ ഏഴ് പേര്‍ പുരുഷന്‍‌മാരും മൂന്ന് പേര്‍ സ്ത്രീകളുമാണ്. ഇരു ട്രെയിനുകളും ഒരേ ട്രാക്കില്‍ ഡല്‍ഹിയിലേക്കു പോവുകയായിരുന്നു. മൂടല്‍മഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയതാണ് അപകടകാരണം.

ഡല്‍ഹി-സീതാമര്‍ഹി ലിച്ചാവി എക്സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി-ഇസ്ലാം‌പൂര്‍ മഗധ് എക്സ്പ്രസിലേക്ക് പാഞ്ഞുകയറിയാണ് മറ്റൊരു അപകടം നടന്നത്. ഇറ്റാവയ്ക്ക് സമീപം സരായ്ഭോപട്ടിലാണ് ഈ അപകടം നടന്നത്. ട്രെയിന്‍ ഡ്രൈവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു.

പ്രയാഗ്‌രാജ് എക്സ്പ്രസിന്റെ അവസാന ബോഗി പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഈ ബോഗിയില്‍ നിന്നുള്ളവരെ രക്ഷപെടുത്തിയത്.

ഇന്ന് രാവിലെ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. കനത്ത മഞ്ഞിനെ തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കിയിരുന്നു. സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളും താമസിച്ചാണ് ഓടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :