ഝാര്‍ഖണ്ഡ് സര്‍ക്കാരിനുള്ള പിന്തുണ ബി ജെ പി പിന്‍വലിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഝാര്‍ഖണ്ഡിലെ ഷിബു സോറന്‍ സര്‍ക്കാരിനുള്ള പിന്തുണ ബി ജെ പി പിന്‍‌വലിച്ചു. ചൊവ്വാഴ്ച പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിച്ച ഖണ്ഡനപ്രമേയത്തെ എതിര്‍ത്ത് ജെ എം എം വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് ഷിബു സോറനുള്ള പിന്തുണ പിന്‍‌വലിക്കാന്‍ ബി ജെ പി തീരുമാനിച്ചത്. ഇതോടെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

ബി ജെ പി പിന്തുണ പിന്‍‌വലിച്ചതോടെ സര്‍ക്കാര്‍ വീഴുമെന്ന നിലയാണ് ഇപ്പോഴുള്ളത്. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് ഷിബു സോറന്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ഒരു ഫോര്‍മുല - ഷിബു സോറന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം നല്‍കുകയും മകന്‍ ഹേമന്ദ് സോറനെ ഝാര്‍ഖണ്ഡ് ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തുകൊണ്ട് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ്.

ഖണ്ഡനപ്രമേയത്തില്‍ സര്‍ക്കാരിനെ ജെ എം എം പിന്തുണച്ചത് ശ്രദ്ധയില്‍ പെട്ടെങ്കിലും അത് ബോധപൂര്‍വമായിരിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു ഇന്നലെ ബി ജെ പി. എന്നാല്‍ വോട്ടിംഗിന്‍റെ സ്ലിപ്പ് പരിശോധിച്ചപ്പോഴാണ് ഇത് ബോധപൂര്‍വമായ നീക്കമാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ബി ജെ പി പാര്‍ലമെന്‍ററി യോഗം ചേര്‍ന്ന് ഝാര്‍ഖണ്ഡ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി ഉള്‍പ്പടെ ബി ജെ പിയുടെ എല്ലാ മന്ത്രിമാരും ഇന്ന് രാജി സമര്‍പ്പിക്കും. മാത്രമല്ല, ബി ജെ പിയുടെ 20 എം എല്‍ എമാരും ഇന്ന് ഗവര്‍ണറെ കണ്ട് തങ്ങള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച കാര്യം അറിയിക്കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :