റാഞ്ചി|
PRATHAPA CHANDRAN|
Last Modified വെള്ളി, 6 ഫെബ്രുവരി 2009 (15:31 IST)
രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള ഝാര്‍ഖണ്ഡില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ജെഎംഎം ശ്രമം ശക്തമായി. പരിഗണനയിലുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ യുപിഎ അംഗീകരിച്ചില്ല എങ്കില്‍ സുശീല ഹന്സദയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നീക്കം.
നളിന്‍ സോറന്, സല്‍ഖാന്‍ സോറന് എന്നിവരില്‍ ആരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനാണ് പാര്‍ട്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹന്‍സദയുടെ പേരും ഉള്‍പ്പെടുത്തിയുള്ള പട്ടിക ഉടന്‍ തന്നെ പാര്‍ട്ടി നേതാവ് ഷിബു സോറന് യുപിഎ അധ്യക്ഷ സോണിയക്ക് നല്‍കുമെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക വനിതയാണ് ഹന്‍സദ. നാലുതവണ എംഎല്‍എ ആയിട്ടുള്ള പാരമ്പര്യമാണ് ഹന്സദയ്ക്കുള്ളത്. കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഇവരുടെ പേരുകൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഷിബു സോറന് രാജിവച്ചതിനെ തുടര്‍ന്ന് അടുത്ത മുഖ്യമന്ത്രിയായി ചമ്പായി സോറന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സഖ്യകക്ഷികളായ ആര്‍ജെഡിയും കോണ്‍ഗ്രസും അനുകൂലിച്ചിരുന്നില്ല. മുഖ്യമന്ത്രിയെ പാര്‍ട്ടിതലത്തിലല്ല മുന്നണി തലത്തിലാണ് നിശ്ചയിക്കുന്നത് എന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു.