ജോലിക്ക് വൈകിയെത്തി; പത്ത് എയര്‍ഹോസ്റ്റസുമാരുടെ ജോലി തെറിച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ജോലിക്ക് വൈകിയെത്തിയ പത്ത് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച എയര്‍ഹോസ്റ്റസുമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ താമസം നേരിട്ടതിനെത്തുടര്‍ന്നാണ് നടപടി. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കി.
യാത്രക്കാരെ മണിക്കൂറുകളോളം കാത്തിരിക്കാന്‍ വിട്ട് തോന്നിയ സമയത്ത് കയറിവരുന്ന വിമാനത്തിലെ കാബിന് ക്രൂ ജീവനക്കാരുടെ എണ്ണം അസാധാരണമാം വിധം വര്‍ധിച്ചതാണ് എയര്‍ ഇന്ത്യയെ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. കാബിന് ക്രൂ ജീവനക്കാരുടെ കൃത്യവിലോപം മൂലം യാത്ര പുറപ്പെടാന്‍ വൈകിയ ഡല്‍ഹി-ചിക്കാഗോ ഫ്ളൈറ്റിലെ നാല് എയര്‍ ഹോസ്റ്റസുമാരെയാണ് ആദ്യം ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് മറ്റ് ആറുപേരെ കൂടി പിരിച്ചുവിട്ടത്.
ഫെബ്രുവരി 13ന് ഓസ്ട്രേലിയയിലേക്ക് പുറപ്പടേണ്ട വിമാനത്തിലെ നാല് എയര്‍ ഹോസ്റ്റസ്മാര്‍ കൃത്യസമയത്ത് ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ എത്തിയിരുന്നില്ല. ഇവരില്‍ ഒരാള്‍ വിമാനം പുറപ്പെടേണ്ട സമയത്തിന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനത്താവളത്തില്‍ എത്തിയത്. മറ്റൊരാള്‍ ദുബായ് വരെയേ പോകാന്‍ കഴിയുകയുള്ളുവെന്ന് അറിയിച്ചു. മറ്റ് രണ്ടുപേര്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. വിമാനത്തില്‍ കൃത്യസമയത്തിന് ജോലിക്കെത്താത്തവര്‍ക്കെതിരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ഇന്ത്യ നോട്ടീസിറക്കിയിരുന്നു.