ജവാന്‍ 3 നാളായി ടവറിന് മുകളില്‍; ആന്റണി വന്നാല്‍ താഴെയിറങ്ങും!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സീനിയര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ജവാന്‍ മൂന്നാം ദിവസവും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. കരസേനയില്‍ എഞ്ചിനീയറിംഗ് റജിമെന്റില്‍ ജോലി ചെയ്യുന്ന കെ മുത്തു(35) ആണ് 200 അടി ഉയരമുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡല്‍ഹി അജ്മേരി ഗേറ്റിന് സമീപത്തെ മൊബൈല്‍ ടവറില്‍ ഇയാള്‍ കയറിയത്.

കരസേനാ ഉദ്യോഗസ്ഥരും പൊലീസും ഞായറാഴ്ച രാത്രി വരെ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മുത്തു താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി തന്റെ പ്രശ്നങ്ങള്‍ നേരിട്ട് സംസാരിക്കണം എന്നാണ് ഇയാളുടെ ആ‍വശ്യം.

അഞ്ച് വര്‍ഷത്തിനിടെ അഞ്ച് തവണ തന്നെ സ്ഥലം മാറ്റി എന്ന് മുത്തു പറയുന്നു. വെള്ളിയാഴ്ച ടവറിന് മുകളില്‍ നിന്ന് ഇയാള്‍ ചില കത്തുകള്‍ താഴെയിട്ടിരുന്നു. സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനത്തെക്കുറിച്ച് ഇയാള്‍ കത്തില്‍ പറയുന്നു. തന്നെ സര്‍വീസില്‍ നിന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ എട്ട് മാസത്തെ ശമ്പളം തനിക്ക് ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും സേനയിലെ അനേകം ജവാന്മാര്‍ക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നും മുത്തു പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :