ജനനത്തീയതി വിവാദം: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (09:59 IST)
PRO
PRO
കരസേനാ മേധാവി ജനറല്‍ വി കെ സിംഗിന്റെ ജനനത്തീയതി വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം‌കോടതിയില്‍. തങ്ങളുടെ ഭാഗം കേള്‍ക്കാതെ കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം‌കോടതിയില്‍ അപേക്ഷ നല്‍കി.

തന്റെ ജനനത്തീയതി 1951 മേയ് 10 ആയി കണക്കാക്കണമെന്നാവശ്യപ്പെട്ടു സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ തീരുമാനമെടുക്കുംമുന്‍പ് തങ്ങളുടെ ഭാഗംകൂടി കേള്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം‌കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, വി കെ സിംഗ് സുപ്രീംകോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രതിരോധ മന്ത്രി എ കെ ആന്റണിയും ചര്‍ച്ചനടത്തി. നിയമമന്ത്രിയുമായും അറ്റോര്‍ണി ജനറലുമായും പ്രതിരോധമന്ത്രി വിഷയം ചര്‍ച്ച ചെയ്തു.

സിംഗിന്റെ ജനനത്തീയതി 1950 മേയ് 10 ആയി കണക്കാക്കുമെന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതിരോധമന്ത്രിക്ക് അപേക്ഷ നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്നാണു സര്‍ക്കാരിനെതിരെ വി കെ സിംഗ് സുപ്രീം‌കോടതിയെ സമീപിച്ചത്.

എന്നാല്‍ 1950 മെയ് 10 ജനനത്തീയതിയായി കണക്കാക്കിയാണ് വി കെ സിംഗിന് നേരത്തേ സ്ഥാനക്കയറ്റം നല്‍കിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനായിരിക്കും സര്‍ക്കാര്‍ തീരുമാനം. സ്ഥാനക്കയറ്റം അംഗീകരിക്കുമ്പോള്‍ ജനനത്തീയതിയും വി കെ സിംഗ് അംഗീകരിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :