ചെന്നൈയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഓഫീസ് മാറ്റുന്നു
ചെന്നൈ|
WEBDUNIA|
PTI
ശ്രീലങ്കയ്ക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന ചെന്നൈയില്‍ നിന്നും ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഓഫീസ് മാറ്റുന്നു. തിരുവനന്തപുരത്തേക്കാണ് ഓഫീസ് മാറ്റുന്നത്. തമിഴ്നാടിനെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയാണ്. ലങ്കന്‍ എയര്‍ലൈന്‍സ്, ബാങ്ക് ഓഫ് ശ്രീലങ്ക എന്നിവയുടെ ഓഫീസും ഉടന്‍ ചെന്നൈയില്‍ നിന്ന് മാറ്റുമെന്നാണ് സൂചന.
ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ഓഫീസിനെതിരെ തമിഴ് സംഘടനകള്‍ പല തവണ ആക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഇതിനായി തിരുവനന്തപുരത്ത് ഒരു വീട് വാടകയ്ക്കെടുത്തുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ആദ്യം ചെന്നൈയില്‍ ആള്‍വാര്‍പേട്ടിലാണ് ഹൈക്കമ്മീഷണര്‍ ഓഫീസ് നിലനിന്നിരുന്നത്. എന്നാല്‍ നാം തമിഴര്‍ ഇയക്കം ഉള്‍പ്പടെയുള്ള തമിഴ് സംഘടനകളുടെ നിരന്തരമായ ആക്രമണം മൂലം ഓഫീസ് നുങ്കംപാക്കത്തെ ലയോള കോളജിനടുത്തേക്ക് മാറ്റിരുന്നു. ലങ്കയ്ക്കെതിരായ പ്രമേയത്തില്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സംഘടനകള്‍ വീണ്ടും ഓഫീസിന് നേര്‍ക്ക് ആക്രമണം തുടര്‍ന്നപ്പോഴാണ് ഓഫീസ് കേരളത്തിലേക്ക് മാറ്റാനുള്ള നിര്‍ണായക തീരുമാനം ശ്രീലങ്ക കൈക്കൊണ്ടത്.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് ഓഫീസ് മാറ്റുന്നത്. ഇക്കാര്യത്തിനായി ഡെപ്യൂട്ടി കമ്മീഷണറെ ലങ്കയിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു.