ചിദംബരം രാജി സന്നദ്ധത പ്രകടിപ്പിച്ചു?

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ നക്സല്‍ ആക്രമണത്തില്‍ 76 പൊലീസുകാര്‍ മരിക്കാനിടയായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി പി ചിദംബരം രാജിസന്നദ്ധത പ്രകടിപ്പിച്ചതായി സൂചന. നക്സല്‍ പ്രശ്നം കൈകാര്യം ചെയ്യുന്ന രീതിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദണ്ഡേവാഡയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മടങ്ങിയെത്തിയ ചിദംബരം പ്രധാനമന്ത്രിയെ കണ്ട് ദുരന്ത സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി എഴുതി നല്‍കിയതിനൊപ്പം രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തതായാണ് ആഭ്യന്തരമന്ത്രാലായ വൃത്തങ്ങള്‍ നല്‍കിയ സൂചന.

വെള്ളിയാഴ്ച സിആര്‍പി‌എഫിന്റെ ശൌര്യദിവസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ചിദംബരം നക്സല്‍ ആക്രമണത്തിലുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിക്ക് എഴുതി നല്‍കിയെന്നും ചിദംബരം വെളിപ്പെടുത്തിയിരുന്നു.

ദണ്ഡേവാഡയില്‍ കൊല്ലപ്പെട്ട 76 സി‌ആര്‍പി‌എഫ് ജവാന്‍‌മാര്‍ക്ക് നക്സല്‍ വിരുദ്ധ നടപടികള്‍ക്കുള്ള സൈന്യത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ചിരുന്നില്ല എന്ന് കരസേനാ മേധാവി വികെ സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :