മോഡി സര്‍ക്കാര്‍ അഭിമാനപൂര്‍വം അവതരിപ്പിച്ച ഇ-വോട്ടിംഗ് സമ്പ്രദായം വിമര്‍ശിക്കപ്പെടുന്നു. ഗുജറാത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, ഇ - വോട്ടിലൂടെയും സമ്മതിദാനാവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെക്കുറിച്ചുള്ള വിശദ വിവരം നല്‍കണമെന്ന് ഹൈക്കോടതി ബുധനാഴ്ച ആവശ്യപ്പെട്ടു.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇ-വോട്ടിംഗ് അവതരിപ്പിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മോഡി സര്‍ക്കാരും കേസിലെ മറ്റുകക്ഷികളും ഇതുമായി ബന്ധപ്പെട്ട് സത്യവാങ്ങ്‌മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇ-വോട്ടിംഗ് അവതരിപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. ഇ- വോട്ട് ചെയ്യുന്നവര്‍ ബലപ്രയോഗത്തിനോ ഭീഷണിക്കോ വഴങ്ങാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിന് സംവിധാനമില്ല എന്നും വൈറസ് ആക്രമണത്തിലൂടെ തെരഞ്ഞെടുപ്പ് തന്നെ അവതാളത്തിലായേക്കാം എന്നും ഹര്‍ജികാര്‍ ചൂണ്ടിക്കാണിച്ചു.
ഗുജറാത്ത് ചീഫ് സെക്രട്ടറിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ ഡിസംബര്‍ 15 ന് തുടര്‍വാദം കേള്‍ക്കും. ഗുജറാത്ത് സര്‍ക്കാരാണ് ഇന്ത്യയില്‍ ആദ്യമായി ഇ- വോട്ടിംഗ് സമ്പ്രദായം അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇ-വോട്ട് പോള്‍ ചെയ്തത്.
ടാറ്റ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്ന് 49 കോടിയോളം രൂപ ചെലവഴിച്ചായിരുന്നു മോഡി സര്‍ക്കാര്‍ ഇ-വോട്ടിംഗ് അവതരിപ്പിച്ചത്. എന്നാല്‍, ആദ്യതവണ 124 ഇ-വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്.