കുപ്രസിദ്ധമായ ബൊഫോഴ്സ് പീരങ്കിയിടപാടില്‍ ഇറ്റാലിയന്‍ വ്യാപാരിയായ ഒട്ടാവിയോ ക്വത്റോച്ചിയും ഇടനിലക്കാരന് വിന് ഛദ്ദയും 1500 കോടി രൂപ കമ്മീഷന് വാങ്ങിയതായി ആദായ നികുതി അപ്പ്ലെറ്റ് ട്രിബ്യൂണല്‍. ക്വത്റോച്ചിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച് സിബിഐ ഡല്‍ഹി കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്നത്.
ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ പ്രകാരം ക്വത്രോച്ചിക്കും ഛദ്ദയ്ക്കും കമ്മീഷന് നല്‍കേണ്ടി വന്നതിനാല്‍ ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 242.62 സ്വീഡിഷ് ക്രോണര്‍ അധികം നല്‍കേണ്ടി വന്നു. ക്വത്രോച്ചിയും ഭാര്യ മരിയയും നിയന്ത്രിച്ചിരുന്ന കോള്‍ബര്‍ ഇന്‍വസ്റ്റ്മെന്റ് ലിമിറ്റഡ്, വെറ്റേല്സന് ഓവര്‍സീസ് എന്നീ കമ്പനികളുടെ അക്കൌണ്ടിലേക്കാണ് കൈക്കൂലി പണം നിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരായി എന്നു മാത്രമല്ല ക്വത്റോച്ചിയും ഛദ്ദയും ഇന്ത്യന്‍ സര്‍ക്കാരിന്റെ നികുതി വെട്ടിച്ചു എന്നും ട്രിബ്യൂണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനം കണ്ടുപിടിക്കാതിരിക്കുന്നതിനായി ഇരുവരും നിക്ഷേപം തുടര്‍ച്ചയായി അക്കൌണ്ടുകളില്‍ നിന്ന് അക്കൌണ്ടുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു എന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
1986 മാര്‍ച്ചില്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിവാദമായ പീരങ്കി ഇടപാടില്‍ ഇന്ത്യ ഒപ്പുവച്ചത്. 1999-ല്‍ ക്വത്റോച്ചി, വിന് ഛദ്ദ, ബോഫോഴ്സ്, മുന്‍ പ്രതിരോധ സെക്രട്ടറി എസ് കെ ഭട്നഗര്‍, ബൊഫോഴ്സ് തലവന്‍ മാര്ട്ടിന് അര്ഡ്ബൊ എന്നിവര്‍ക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തു.
ഇപ്പോള്‍ ക്വത്റോച്ചിക്കെതിരെ മാത്രമാണ് കേസ് നിലനില്‍ക്കുന്നത്. എന്നാല്‍, ക്വത്റോച്ചിയെ വിചാരണ ചെയ്യുന്നതിനായി ഇന്ത്യയിലെത്തിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല. ക്വത്റോച്ചിക്കെതിരെ വ്യക്തമായ തെളിവ് ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നാണ് സിബിഐ കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.