ക്വത്‌റോച്ചി: കേസ് 4 മാസത്തേക്ക് നീട്ടി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (11:25 IST)
ബോഫോഴ്സ്‌ ആയുധ ഇടപാട്‌ കേസിലെ പ്രതി ഒട്ടാവിയ ക്വത്‌റോച്ചിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ഹൈക്കോടതി നാല് മാസത്തേക്ക് നീട്ടി. സെപ്തംബര്‍ എട്ടിനാണ് ഇനി കേസ് പരിഗണിക്കുക.

ക്വത്‌റോച്ചിയെ പിടികൂടാന്‍ സ്വീകരിച്ച നടപടികള്‍ സിബി‌ഐ ഇന്ന് കോടതിയില്‍ വിശദീകരിക്കേണ്ടതായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സിബി‌ഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതി കേസ് നീട്ടിയത്.

സിബിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്ന് ക്വത്‌റോച്ചിയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു കേസ് ഇന്ന് പരിഗണനയ്ക്കെത്തിയത്. അതുകൊണ്ടുതന്നെ കോടതി നടപടികള്‍ പ്രത്യേക വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

സിബിഐയുടെ ആവശ്യപ്രകാരം 1997ലാണ് ക്വത്‌റോച്ചിയെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയത്. നോട്ടീസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ക്വത്‌റോച്ചി നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.

ക്വത്‌റോച്ചിക്കെതിരെ 1999 നവംബര്‍ ഏഴിന് ഡല്‍‌ഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഇതുവരെ ഹാജരാകാനോ വാദം നടത്താനൊ ക്വത്‌റോച്ചി തയ്യാ‍റായിട്ടില്ല. ഇതിന് മുമ്പ് 1997 ഫെബ്രുവരിയില്‍ ക്വത്‌റോച്ചിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് മലേഷ്യന്‍ അധികൃതര്‍ക്ക് യുഎ‌ഇയിലേക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :