കോണ്‍ഗ്രസിനെ നിലംപരിശാക്കി ആന്ധ്രയില്‍ ജഗന് തരംഗം
ഹൈദരാബാദ്|
WEBDUNIA|
PTI
PTI
ആന്ധ്രാ പ്രദേശില്‍ നടന്ന നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ജഗന് മോഹന്‍ റെഡ്ഢിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 18 അസംബ്ലി സീറ്റുകളില്‍ 15 എണ്ണത്തിലും വിജയിച്ചു. നെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയാണ് വിജയിച്ചത്.
രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിച്ചു കയറാനായത്. ഒമ്പത് സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഒരു സീറ്റില്‍ ടി ആര് എസ് വിജയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ ജഗനോടൊപ്പം തെരഞ്ഞെടുപ്പ് വിജയം പങ്കുവയ്ക്കാനായി അദ്ദേഹത്തിന്റെ കുടുംബം ജയിലിലെത്തി. ജഗന്റെ അമ്മയുടെ സഹോദരിയും അദ്ദേഹത്തെ അഭിനന്ദിച്ചു. 2014-ല്‍ ജഗന് മുഖ്യമന്ത്രിയാകുമെന്ന് സഹോദരി ഷര്‍മിള പ്രതീക്ഷ പ്രകടിപ്പിച്ചു.
മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ മകനാണ് ജഗന്. വൈ എസ് ആര് കോണ്‍ഗ്രസില്‍ ചേര്‍ന്ന് സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസ് എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. നെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ എം പിയും ജഗനൊപ്പം ചേര്‍ന്നിരുന്നു. നടന് ചിരഞ്ജീവി രാജ്യസഭയിലേക്ക് പോയപ്പോള്‍ ഒഴിവുവന്ന സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടന്നു.