കൊല്‍ക്കത്ത|
Last Modified ഞായര്‍, 27 ഡിസംബര്‍ 2015 (16:13 IST)
കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞെന്നും അത് കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്തായിരുന്നു എന്നും കോടിയേരി പറഞ്ഞു.
കൊല്‍ക്കത്തയില്‍ സി പി എമ്മിന്‍റെ പ്ലീനം വേദിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സാക്കിയ പ്ലീനം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. വരുന്ന തെരഞ്ഞെടുപ്പിലും അത് സംഭവിക്കും. കേരളത്തിലും ബംഗാളിലും സി പി എം അധികാരത്തിലേറും - കോടിയേരി പറഞ്ഞു.
മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗമായ ബിമന്‍ ബസുവാണ് പ്ലീനത്തിന് തുടക്കമിട്ട് പതാക ഉയര്‍ത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പുറത്ത് ശത്രുക്കളാണെങ്കിലും അവര്‍ അകത്ത് മിത്രങ്ങളാണെന്ന് ബിമന്‍ ബസു പറഞ്ഞു. ജനാധിപത്യത്തിന് നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമാണ് തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയുമായുള്ള ബാന്ധവമെന്നും ബിമന്‍ കുറ്റപ്പെടുത്തി.
ബുധനാഴ്ചയാണ് സി പി എം പ്ലീനം അവസാനിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 86 പ്രതിനിധികള്‍ ഉള്‍പ്പടെ മൊത്തം 456 പ്രതിനിധികളാണ് സി പി എം പ്ലീനത്തിലുള്ളത്.