അപൂര്‍വമായ രോഗത്തിന്‍റെ ഇരയെന്ന് കരുതി ചികിത്സയ്ക്ക് വിധേയനാക്കിയ കുഞ്ഞിന് ആ രീതിയിലുള്ള അരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തല്‍. സ്വയം തീ പിടിക്കുന്ന അപൂര്‍വരോഗമുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴ്‌നാട്ടിലെ ദിണ്ടിവനം സ്വദേശിയായ രാഹുല്‍ എന്ന മൂന്ന് മാസം പ്രായമായ കുഞ്ഞിന് അങ്ങനെയുള്ള രോഗങ്ങളൊന്നുമില്ലെന്നും കുഞ്ഞിനെ ആരോ പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
കുഞ്ഞിന് സ്‌പൊണ്ടേനിയസ് ഹ്യൂമന്‍ കംബസ്റ്റണ്‍(എസ്എച്ച്‌സി) എന്ന അപൂര്‍വ രോഗമാണെന്ന് സംശയിച്ചാണ് ആശുപത്രിയില്‍ ചികിത്സ ആരംഭിച്ചത്. ജനിച്ച ശേഷം നാലുതവണ കുഞ്ഞിന്‍റെ ശരീരത്തില്‍ തീ പിടിച്ചിരുന്നു. തീ പിടിക്കുന്ന വസ്തുക്കളൊന്നും സമീപത്ത് ഇല്ലാതിരുന്നിട്ടും കുഞ്ഞിന്‍റെ ശരീരത്തില്‍ തീ പിടിച്ചത് വീട്ടുകാരെയും അമ്പരപ്പിച്ചിരുന്നു.
ഏറ്റവുമൊടുവില്‍ കുഞ്ഞിനെ ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. കുഞ്ഞിന്‍റെ ശരീരത്തിലെ സൂഷ്മഗ്രന്ധികളില്‍ നിന്നും സ്വയം തീ പിടിക്കുന്ന വാതകം പുറത്തുവരുന്നുണ്ടെന്നാണ് മുമ്പ് ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ദിവസങ്ങളോളം കുഞ്ഞിനെ നിരീക്ഷിച്ച കില്‍പോക് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല.
കുഞ്ഞിന്‍റെ മാതാപിതാക്കളെയും മുത്തശ്ശിയെയും സൈക്കോളജി വിഭാഗം കൗണ്‍സലിംഗിന് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.