കീഴടങ്ങും, ശിക്ഷായിളവ് വേണ്ട- പൊട്ടിക്കരഞ്ഞ് സഞ്ജയ് ദത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സുപ്രീംകോടതി വിധി അനുസരിച്ച് താന്‍ കീഴടങ്ങുമെന്ന് 1993 മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത്. റിവ്യു പെറ്റിഷന്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയ്ക്ക് ശേഷം ഇതാദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച ദത്ത് പൊട്ടിക്കരഞ്ഞു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വികാരാധീനനായാണ് അദ്ദേഹം പറഞ്ഞുതീര്‍ത്തത്.

“ഞാന്‍ ശിക്ഷായിളവിന് അപേക്ഷിച്ചിട്ടില്ല. കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം കീഴടങ്ങും. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
തകര്‍ന്ന മനുഷ്യനാണ് ഞാന്‍. സുപ്രീംകോടതി വിധിയെ മാനിക്കുന്നു. നിരവധി ജോലികള്‍ എനിക്ക് പൂര്‍ത്തിയാക്കാനുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. കീഴടങ്ങുന്നത് വരെ എനിക്ക് സമാധാനത്തോടെയിരിക്കണം. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, രാജ്യത്തെ ജനങ്ങളെയും. ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു“- ദത്ത് പറഞ്ഞവസാനിപ്പിച്ചു.

മുംബൈയിലെ വസതിയില്‍ വച്ചാണ് ദത്ത് മാധ്യമങ്ങളോട് സംസാരിച്ചത്. സംസാരിക്കുന്നതിനിടെ വിതുമ്പിയ അദ്ദേഹം സഹോദരി പ്രിയ ദത്തിന്റെ ചുമലില്‍ വീണ് പൊട്ടിക്കരഞ്ഞു.

മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷയാണ് ദത്തിന് സുപ്രീംകോടതി വിധിച്ചത്. കേസില്‍ കീഴ്ക്കോടതി ആറ് വര്‍ഷം തടവ് വിധിച്ചതിനെതിരെ ദത്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ഒന്നരവര്‍ഷം തടവില്‍ കിടന്ന അദ്ദേഹം ഇനി മൂന്നര വര്‍ഷം കൂടി ജയിലില്‍ കഴിയണം. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് കേസ്. അതേസമയം ദത്തിന് ശിക്ഷാ ഇളവ് നല്‍കി വെറുതെ വിടണം എന്ന് സിനിമാ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :