കാശ്മീര്‍:പാക് നിലപാടില്‍ മാറ്റമില്ല

WDFILE
ജമ്മു കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ പുതിയതായി അധികാരമേറ്റ ഗീലാനി സര്‍ക്കാരിന്‍റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ശനിയാഴ്‌ച വ്യക്തമാക്കി. ഈ വിഷയത്തില്‍ ‘കാശ്‌മീരിലെയും പാകിസ്ഥാനിലെയും ജനങ്ങളുടെ ആഗ്രഹ‘ത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള പഴയ നയം പിന്‍‌തുടരുവാനാണ് ഗീലാനി സര്‍ക്കാരിന്‍റെ തീരുമാനം.

ജമ്മു കാശ്‌മീര്‍ വിഷയത്തില്‍ തങ്ങളുടെ ‘ചരിത്രപരമായ നിലപാട്‘ തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി മെഹമൂദ് ഖുറേഷി പറഞ്ഞു. ഈ വിഷയം പരിഹരിക്കുവാനുള്ള ദൌത്യം അടുത്ത തലമുറയ്‌ക്ക് കൈമാറണമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മേധാവി സര്‍ദാരി ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയം മൂന്നാം കക്ഷിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പാകിസ്ഥാന്‍റെ ആവശ്യം. എന്നാല്‍, ഇന്ത്യയ്ക്ക് ഇത് സ്വീകാര്യമല്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഖുറേഷി പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകര്യമന്ത്രി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ട്.

ഇസ്ലാമബാദ്| WEBDUNIA|
പ്രണബ് മുഖര്‍ജിയുടെ കൂടെ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനും പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ട്. പ്രണബ് മുഖര്‍ജി സന്ദര്‍ശനവേളയില്‍ പാക് സര്‍ക്കാരുമായി ഇരു രാഷ്‌ട്രങ്ങളും തമ്മില്‍ 2007 ല്‍ നടന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകളെക്കുറിച്ച് വിശകലനം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :