കശ്മീരില്‍ സംഘര്‍ഷാവസ്ഥ; സൈന്യത്തെ വിളിച്ചേക്കും

ശ്രീനഗര്‍| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (11:28 IST)
ജമ്മു കശ്മീരില്‍ ക്രമസമാധാന നില വഷളായി. കര്‍ഫ്യൂ ലംഘിച്ച്‌ പ്രകടനം നടത്തിയവര്‍ക്കെതിരെ സി ആര്‍ പി എഫ്‌ നടത്തിയ വെടിവയ്‌പില്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ക്രമസമാധാന നില സാധാരണ ഗതിയിലാക്കാനായി സൈന്യത്തിന്‍റെ സഹായം തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രദേശത്ത് എസ്‌ എം എസ്‌ സന്ദേശങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ നടപടി. കഴിഞ്ഞ ദിവസം ബാരാമുള്ളയില്‍ സി ആര്‍ പി എഫ് വെടിവയ്പില്‍ മരിച്ചവരില്‍ ഒരാള്‍ ഒമ്പതു വയസുള്ള ഒരു കുട്ടിയാണ്.

സൊപോറിലും ബാരാമുള്ളയിലും സ്ഥിതിഗതികള്‍ ശാന്തമാക്കാനായി സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ താജ് മൊഹുദ്ദീന്‍ അറിയിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉന്നതാധികാര സമിതിയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ കശ്മീരില്‍ സംഘര്‍ഷാവസ്ഥയില്‍ എട്ടുപേരാണ് മരിച്ചത്. 32 പൊലീസുകാരുള്‍പ്പടെ 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :