മധുര|
WEBDUNIA|
Last Modified ഞായര്‍, 22 ജനുവരി 2012 (12:53 IST)
കളിത്തോക്ക് ഉപയോഗിച്ച് പ്രമുഖ ജ്വല്ലറി കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് മധുരയില്‍ പൊലീസ് പിടിയിലായി. അനിമേഷ് കുക്ക (23) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി ആഭരണശാല അടയ്ക്കുന്ന സമയത്താണ് അനിമേഷ് ‘തനിഷ്ക്ക്’ ജ്വല്ലറിയില്‍ എത്തിയത്. ആ സമയത്ത് ഏതാനും ഉപഭോക്താക്കള്‍ മാത്രമെ ജ്വല്ലറിയില്‍ ഉണ്ടായിരുന്നുള്ളൂ. ഉപഭോക്താവെന്ന വ്യാജേന ഇയാള്‍ വജ്ര നെക്ലേസും ഏതാനും ആഭരണങ്ങളും തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്യാഷ് കൌണ്ടറില്‍ പണം അടയ്‌ക്കേണ്ട സമയത്ത് കളിത്തോക്ക് ചൂണ്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ആഭരണം കൈക്കലാക്കി. ഭയചകിതരായ ജീവനക്കാര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് യുവാവ് വജ്രാഭരണം മാത്രം എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തത്സമയം കടയുടെ ഷട്ടര്‍ അടച്ച് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അനിമേഷിനെ അറസ്റ്റുചെയ്യുകയായിരുന്നു.
15 ലക്ഷത്തോളം രൂപ വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ വാങ്ങണമെന്ന കടുത്ത ആഗ്രഹമാണ് യുവാവിനെ കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഛാര്‍ഖണ്ഡ് സ്വദേശിയായ അനിമേഷ് തന്റെ മൂത്ത സഹോദരനായ അഭിഷേക് കുക്കയോടൊപ്പം ഏഴുവര്‍ഷം മുമ്പാണ് മധുരയില്‍ സ്ഥിരതാമസമാക്കിയത്. നിയമപുസ്‌തക വില്‍പ്പനയായിരുന്നു പ്രധാന തൊഴില്‍. പരിസരത്തുണ്ടായിരുന്ന ജിംനേഷ്യത്തില്‍ സ്ഥിരമായി പോയിരുന്ന അനിമേഷ് അവിടെ വന്നിരുന്ന സന്ദര്‍ശകരുടെ ആഡംബര ജീവിതശൈലിയില്‍ ആകൃഷ്ടനായി അതുപോലെയാകാന്‍ ആഗ്രഹിച്ചിരുന്നു. ധാരാളം സിനിമകള്‍ കാണുമായിരുന്ന അയാള്‍ സിനിമാതാരങ്ങളെപ്പോലെ ജീവിക്കാനായി പണം ആര്‍ത്തിപിടിച്ച് സമ്പാദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആറുമാസം മുമ്പ് ചെന്നൈയില്‍ നിന്നാണ് ഇയാള്‍ കളിത്തോക്ക് വാങ്ങിയത്.
അനിമേഷിന്റെ കവര്‍ച്ചാ പദ്ധതിയെക്കുറിച്ച് അയാളുടെ സഹോദരന് അറിവുണ്ടായിരുന്നില്ല. മാത്രമല്ല അനിമേഷ് ഇതിനുമുമ്പ് യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ല. എന്നാല്‍ നഗരത്തില്‍ കൂടുതല്‍ കവര്‍ച്ചയ്‌ക്ക് അനിമേഷ് പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.