കളി കണ്ടോളൂ എന്ന് കമ്പനികള്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
എല്ലാ കണ്ണുകളും ഇപ്പോള്‍ മൊഹാലിയിലേക്കാണ്. ഇരുരാഷ്‌ട്രത്തലവന്മാര്‍ പോലും ഉറ്റുനോക്കുന്ന ഇന്ത്യ-പാക് ചരിത്രപോരാട്ടത്തിനായി മൊഹാലി തയ്യാറെടുക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരായ ജീവനക്കാരെ നിരാശപ്പെടുത്താന്‍ കമ്പനികള്‍ക്കും മനസ്സ് വരുന്നില്ല. അരദിവസമോ അല്ലെങ്കില്‍ ഒരു ദിവസമോ അവധി നല്‍കി തൊഴിലാളികളെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് പല പ്രമുഖ കമ്പനികളും. ചിലയിടങ്ങളില്‍ ഓഫീസില്‍ ടി വി സ്ഥാപിക്കാനും പരിപാടിയുണ്ട്.

സ്വാതന്ത്രലബ്ദിക്ക് ശേഷം മൂന്ന് തവണയാണ് ഇന്ത്യയും പാകിസ്താനും പരസ്പരം യുദ്ധം ചെയ്തത്. ബുധനാഴ്ച നടക്കുന്നത് ക്രിക്കറ്റ് യുദ്ധമാണെങ്കിലും വീറും വാശിയും ഒട്ടും കുറയ്ക്കാന്‍ ആരാധകര്‍ തയ്യാറല്ല. അതിനാല്‍ തൊഴിലാളികളും കളി കണ്ടോട്ടേ എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ഡാബര്‍ ഇന്ത്യ ബുധനാഴ്ച അവധി നല്‍കിക്കഴിഞ്ഞു. 2007-ലെ ഇന്ത്യ-പാക് ട്വന്റി 20 ഫൈനലിനും കമ്പനിക്ക് അവധിയായിരുന്നു. പെപ്സി കമ്പനി അരദിവസം അവധി നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ബിഗ് ബാസറിന്റെ ഷോറൂമുകളില്‍ വലിയ സ്ക്രീനില്‍ കളി പ്രദര്‍ശിപ്പിക്കും. ഡി ടി എച് സര്‍വീസ് കമ്പനിയായ ഡിഷ് ഡി വിയും ജീവനക്കാരെ കളി കാണിക്കുന്നുണ്ട്. കളിയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരും ഒട്ടും പിന്നിലല്ല. ഇന്ത്യ-പാക് മത്സരം പ്രമാണിച്ച്‌ മധ്യപ്രദേശ്‌ നിയമസഭയ്ക്ക് അന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കി. എം എല്‍എമാര്‍ക്ക്‌ വലിയ സ്ക്രീനില്‍ മത്സരം കാണുന്നതിനും അവസരം ഒരുക്കുന്നുണ്ട്.

അതിനിടെ മുംബൈയിലെ ടാക്സി ഡ്രൈവര്‍മാരുടെ യൂണിയന്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. യാത്ര പോകാനുള്ളവര്‍ വീട്ടിലിരിക്കുകയേ നിവര്‍ത്തിയുള്ളൂ എന്ന് ചുരുക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :