ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സുഖ്മ ജില്ലാ കളക്ടര്‍ അലക്സ് പോള്‍ മേനോന് സുരക്ഷിതനാണെന്ന് വിവരം ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കളക്ടറുടെ മോചനം സംബന്ധിച്ച് മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.
അതേസമയം കളക്ടറെ മോചിപ്പിക്കുന്നതിനു പകരമായി മാവോയിസ്റ്റുകള്‍ കടുത്ത ഉപാധികള്‍ വച്ചു. ജയിലിലുള്ള തങ്ങളുടെ എട്ടു നേതാക്കളെ വിട്ടയയ്ക്കുക, 'ഓപ്പറേഷന് ഗ്രീന്‍ ഹണ്ട്' എന്ന പേരില്‍ നടത്തുന്ന മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബുധനാഴ്ച വരെ സമയപരിധിയും നല്‍കിയിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് മാവോയിസ്റ്റുകള്‍ അലക്സിനെ തട്ടിക്കൊണ്ട് പോയത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചുകൊന്ന ശേഷമായിരുന്നു ഇത്. അലക്സിന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് ഗൌരവമായി എടുത്തിരുന്നില്ലെന്നും സൂചനകളുണ്ട്. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ് അലക്സ്. 32-കാരനായ അദ്ദേഹം 2006 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. അലക്സ് ആസ്മ രോഗിയാണെന്നും മരുന്നുകളൊന്നും കൈയില്‍ ഉണ്ടായിരിക്കില്ലെന്നും ഭാര്യ ആശ മേനോന് പറഞ്ഞു.