കനിമൊഴിയെയും സി‌ബി‌ഐ വിടില്ല?

ചെന്നൈ| WEBDUNIA|
PRO
PRO
തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും രാജ്യസഭാ എം‌പിയുമായ കനിമൊഴിയെ 2ജി സ്പെക്‌ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് സി‌ബി‌ഐ ചോദ്യം ചെയ്തേക്കും. സ്പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ സ്വാന്‍ ടെലികോം മേധാവി ഷാഹിദ്‌ ഉസ്മാന്‍ ബല്‍വയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കനിമൊഴിയെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചത് എന്നറിയുന്നു‌. ഇതിനിടെ, കലൈഞ്ജര്‍ ടിവി ഓഫീസില്‍ സി‌ബി‌ഐ നടത്തിയ റെയ്ഡില്‍ ചില സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും വാര്‍ത്തകളുണ്ട്.

കലൈഞ്ജര്‍ ടിവിയില്‍ കരുണാനിധിയുടെ രണ്ടാം ഭാര്യയായ ദയാളു അമ്മാള്‍ക്ക് 60 ശതമാനം ഓഹരിയുണ്ട്. കനിമൊഴിക്കാവട്ടെ 20 ശതമാനം ഓഹരിയാണുള്ളത്. കലൈഞ്ജര്‍ ടിവിയുടെ മാനേജിംഗ് ഡയറക്‌ടര്‍ ശരത്‌കുമാറിനും കുറച്ച് ഓഹരികളുണ്ട്. സണ്‍ ടിവിയിലെ ഓഹരി വിറ്റപ്പോള്‍ ലഭിച്ച പണമാണ് ദയാളു അമ്മാള്‍ കലൈഞ്ജര്‍ ടിവിയില്‍ നിക്ഷേപിച്ചത്. സണ്‍ ടിവിയില്‍ നിന്ന് കരുണാനിധിക്ക് കിട്ടിയ പണത്തിന്റെ ഒരോഹരി വച്ചാണ് കനിമൊഴി കലൈഞ്ജര്‍ ടിവിയില്‍ 20 ശതമാനം ഓഹരി വാങ്ങിയിരിക്കുന്നത്. ഇരുവര്‍ക്കും കലൈഞ്ജര്‍ ടിവിയില്‍ ഓഹരിയുണ്ടെങ്കിലും ചാനലിന്റെ നടത്തിപ്പില്‍ ഇവര്‍ ഇടപെടാറില്ല.

എന്നാല്‍ 2ജി സ്പെക്‌ടം കുംഭകോണത്തില്‍ പൈസയടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്വാന്‍ ടെലികോമിന്റെ മാതൃസഥാപനമായ ഡിബി ഗ്രൂപ്പില്‍ നിന്നും കലൈഞ്ജര്‍ ടിവിക്ക് എങ്ങിനെയാണ് 214 കോടി ലഭിച്ചതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ചോദ്യം. ഡിബി ഗ്രൂപ്പില്‍ നിന്നും കലൈഞ്ജര്‍ ടിവിക്കു ലഭിച്ച 214 കോടിയുടെ ഇടപാട് രേഖകള്‍ക്ക് വേണ്ടിയായിരുന്നു ചാനല്‍ ഓഫീസില്‍ റെയ്ഡ് നടന്നത്.

സ്പെക്‌ട്രം 1500 കോടിക്കാണ് സ്വാന്‍ ടെലിക്കോമിന് കിട്ടിയത്. അവരാകട്ടെ, ഇത് പിന്നീട് ഇതു ദുബായ്‌ കമ്പനിയായ എറ്റിസലാത്തിന് 4200 കോടി രൂപയ്ക്കു മറിച്ച് വില്‍ക്കുകയും ചെയ്തു. ഈ ലാഭത്തില്‍ നിന്നൊരു വിഹിതമാണ് ഡി‌എം‌കെയുടെ ചാനലായ കലൈഞ്ജര്‍ ടിവിക്ക് ഡിബി ഗ്രൂപ്പ് നല്‍കിയത് എന്നാണ് ആരോപണം. എന്തായാലും, ഇത്ര കുറഞ്ഞ തുകയ്ക്ക് സ്വാന്‍ ടെലിക്കോമിന് സ്പെക്‌ട്രം കിട്ടാന്‍ അന്നത്തെ ടെലികോം മന്ത്രിയായ രാജയോ കനിമൊഴിയോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അറിയുകയാണ് സി‌ബി‌ഐയുടെ ലക്‌ഷ്യം.

തമിഴകത്ത് ഡി‌എം‌കെ ആകെ നാറിയിരിക്കുന്ന അവസ്ഥയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ ഡി‌എം‌കെയെ കൈവയ്ക്കുന്നത് തുടര്‍ന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി സമവാക്യങ്ങള്‍ മാറുമെന്നാണ് കരുതപ്പെടുന്നത്. കനിമൊഴിയെ സി‌ബി‌ഐ ചോദ്യം ചെയ്യുകയോ അറസ്റ്റുചെയ്യുകയോ ചെയ്താല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകും. നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡി‌എം‌ഡി‌കെയും കോണ്‍‌ഗ്രസ് നേതൃത്വവും പുതിയ മുന്നണിയെ പറ്റി രഹസ്യചര്‍ച്ചകള്‍ നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :