മുന്‍ ടെലികോം മന്ത്രി എ രാജയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴികളാണ് 2ജി അഴിമതി കേസിലെ അന്വേഷണം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകള്‍ കനിമൊഴിയിലേക്ക് നീളാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. കലൈഞ്ജര്‍ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം കനിമൊഴിയാണെന്ന് രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആശീര്‍വാദം ആചാര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
കനിമൊഴി രാജയുടെ ക്യാമ്പ് ഓഫീസിലെ നിത്യ സന്ദര്‍ശകയായിരുന്നു. ഇലക്ട്രോണിക് നികേതന്‍ ഓഫീസിലും ഒരിക്കല്‍ കനിമൊഴി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ സൌത്ത് അവന്യൂവിലുള്ള കനിമൊഴിയുടെ വസതിയില്‍ രാജയും സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.
ഇരുവരും രാഷ്ട്രീയ കാര്യങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നും പരസ്പരം ടെലഫോണില്‍ സംസാരിക്കുന്നത് സാധാരണമായിരുന്നുവെന്നും ആശീര്‍വാദം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഡിബി റിയാല്റ്റീസില് നിന്ന് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് ലഭിച്ചതാണ് ഇപ്പോള്‍ അന്വേഷണ വിധേയമായിരിക്കുന്നത്. ഇത് വായ്പയായി വാങ്ങിയതാണെന്നാണ് കലൈഞ്ജര്‍ ടിവി ഓഫീസ് രേഖകളിലുള്ളത്. എന്നാല്‍, രാജ കുറഞ്ഞ തുകയ്ക്ക് 2ജി ലൈസന്‍സ് നല്കിയതിനുള്ള പ്രതിഫലമായാണ് ഈ തുക കൈമാറിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.