ഔട്ട്‌ലുക്ക് സ്ഥാപക എഡിറ്റര്‍ വിനോദ് മേത്ത അന്തരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (14:40 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഔട്ട്‌ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററും എഡിറ്റോറിയല്‍ ചെയര്‍മാനുമായ അന്തരിച്ചു. ഞായറാഴ്ച ഡല്‍ഹിയില്‍ ആയിരുന്നു അന്ത്യം. 73 വയസ്സ് ആയിരുന്നു. നിലവില്‍ ഔട്ട്‌ലുക്ക് മാസികയുടെ ചെയര്‍മാന്‍ ആന്‍ഡ് അഡ്വൈസര്‍ സ്ഥാനമായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഏറെക്കാലമായി ബുദ്ധിമുട്ടുകയായിരുന്ന അദ്ദേഹം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിനോദ് മേത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു.

രാജ്യത്തെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയില്‍ ജനിച്ചവയാണ്. ഇന്ത്യ പോസ്റ്റ്, സണ്‍ഡേ ഒബ്‌സര്‍വര്‍‍, ദ ഇന്‍ഡിപെന്‍ഡന്റ്, പയനിയര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്നിലും വിനോദ് മേത്തയായിരുന്നു. ഒടുവിലായി പുറത്തിറക്കിയ മാസികയാണ് ഔട്ട്‌ലുക്ക്. 2012 ഫെബ്രുവരി ഒന്നുവരെ ഔട്ട്‌ലുക്ക് മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു.

മീനാകുമാരിയുടെയും സഞ്ചയ് ഗാന്ധിയുടെയും ജീവചരിത്രം അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നു. സ്വന്തം സ്മരണകള്‍ കോര്‍ത്തിണക്കി ലക്‌നൗ ബോയ് എന്ന പുസ്തവും രചിച്ചു. ബോംബെ, എ പ്രൈവറ്റ് വ്യൂ, ദ സഞ്ചയ് സ്റ്റോറി, മീനാകുമാരി, മിസ്റ്റര്‍ എഡിറ്റര്‍, ഹൗ ക്ലോസ് ആര്‍ യു ടു ദ പി എം, ലക്‌നൗ ബോയ് എന്നിവയാണ് പ്രധാന കൃതികള്‍.

പയനിയറിലും സണ്‍ഡേ ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തകയായിരുന്ന സുമിതാ പോളാണ് പത്‌നി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :