ഒറീസയില്‍ പൊലീസ്, പാരാ മിലിട്ടറി, എസ്ഒജി വിഭാഗങ്ങള്‍ സംയുക്തമായി ഞായറാഴ്ച 20 നക്സലൈറ്റുകളെ വധിച്ചു. നയാഗഡില്‍ പൊലീസ് സ്റ്റേഷനുകളും ട്രെയിനിംഗ് സ്കൂളും നക്സലൈറ്റുകള്‍ ആക്രമിച്ച് 14 പൊലീസുകാരെ വധിച്ചതിനെത്തുടര്ന്ന് സുരക്ഷാസേന നക്സല്‍ വിരുദ്ധ പോരാട്ടം ശക്തമാക്കിയതിന്റെ ഫലമായാണ് ഇവരെ വധിക്കുവാന്‍ കഴിഞ്ഞത്.
ഹെലികോപ്ടറുകളും ഗണ്‍ഷിപ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം സംസ്ഥാനത്ത് എവിടെ വച്ചാണ് നക്സലൈറ്റുകളെ വധിച്ചതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു.
ഝാര്‍ഖണ്ഡില്‍ വ്യാഴാഴ്ച ഏഴു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതാണ് നക്സലൈറ്റുകളെ പൊലീസ് സ്റ്റേഷന് ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. വനിതാ കേഡറുകള്‍ ഉള്‍പ്പടെ നാനൂറോളം നക്സലുകള്‍ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു
രാജ്യത്ത് 2006ല്‍ പൊലീസുകാര്‍ ഉള്‍പ്പടെ 678 പേരാണ് നക്സലൈറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2007ല്‍ 601 പേര്. ഈ വര്‍ഷം 325 പേര് ഇതിനകം കൊല്ലപ്പെട്ടു.