ഒരു യുഗത്തിന്റെ അവസാനം: സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
മുതിര്‍ന്ന സിപി‌എം നേതാവ് ജ്യോതിബസുവിന്റെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്റെ അവസാനമാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗ്. മതേതര മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹമെന്ന് സിംഗ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലെ മുഴക്കമുള്ള പ്രാദേശിക ശബ്ദമായിരുന്നു ജ്യോതിബസുവിന്റേത് എന്ന് പറഞ്ഞ പ്രധാനമന്ത്രി താന്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രതികരണം എപ്പോഴും പ്രായോഗികമായിരുന്നു എന്നും അനുസ്മരിച്ചു.

അറുപത് വര്‍ഷക്കാലം നീണ്ട രാഷ്ട്രീയ ജീവിതത്തിലൂടെ പശ്ചിമബംഗാളില്‍ തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച ബസു നേതൃഗുണത്തിന്റെയും അഭിപ്രായ സമന്വയത്തിന്റെയും പ്രഭാവം കാഴ്ചവച്ചു എന്നും മന്‍‌മോഹന്‍ സിംഗ് തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബസു ഇന്ത്യയുടെ മഹാനായ പുത്രനായിരുന്നു എന്നും പ്രചോദനത്തിന്റെ ഉറവിടമായിരുന്നു എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. ബസുവിന്റെ മരണം രാജ്യത്തിന്റെ തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. തന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ് നഷ്ടമായതെന്ന് ബസുവിന്റെ മരണത്തെക്കുറിച്ച് പ്രണാബ് മുഖര്‍ജി പ്രതികരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്‍ശപുരുഷനെ നഷ്ടമായി എന്നാണ് ബിജെപി ബസുവിന്റെ മരണത്തോട് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :