ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു!

മുംബൈ| WEBDUNIA|
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ചെയ്തു. മൂന്നു വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ വാര്‍ത്തകള്‍ കൂടി പുറത്തു വന്നപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പുനെ, നാസിക്, മുംബൈ എന്നിവിടങ്ങളിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിട്ടത്.

21കാരിയായ പ്രജക്ത കെ ക്ഷത്രിയ എന്ന വിദ്യാര്‍ത്ഥിനിയെ വെള്ളിയാഴ്ച രാവിലെ നാസിക് ജില്ലയിലെ സിന്നാറിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഡിഗ്രി പരീക്ഷയില്‍ വേണ്ടത്ര മികവു പ്രകടിപ്പിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമം മൂലമാണ് പ്രജക്ത ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി അശോക് ചവാന്‍ ഇതേപ്പറ്റി അന്വേഷിക്കാനും നടപടികളെടുക്കാനുമായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ സമിതി പ്രവര്‍ത്തിക്കുക.

പുനെയില്‍ ഹവേലിയിലെ ഡി പി നഴ്സിംഗ് കോളജിന്‍റെ ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ വ്യാഴാഴ്ചയാണ് 18കാരിയായ വൃഷാലി കാലെയെ കണ്ടെത്തിയത്. കോളജിലെ ഒരു അധ്യാപകന്‍റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് വൃഷാലി മരിച്ചതെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ക്രിസ്തുമസ് - ന്യൂ ഇയര്‍ അവധി കഴിഞ്ഞതിനു ശേഷം കോളജ് അധികൃതരെ അറിയിക്കാതെ വൃഷാലി അവധി നീട്ടിയിരുന്നു. പിന്നീട് കോളജില്‍ തിരിച്ചെത്തിയപ്പോള്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ ഒരു അധ്യാപകന്‍ തയ്യാറായില്ലെന്നും വൃഷാലിയെ ഒരു ദിവസം പട്ടിണിക്കിട്ടെന്നും ആരോപണമുണ്ട്.

വിനീത് മോറെ എന്ന പന്ത്രണ്ടാം ക്ലാസുകാരനും വ്യാഴാഴ്ച സ്വയം ജീവിതം അവസാനിപ്പിച്ചു. തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിനീതിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രുപാലി ഷിന്‍ഡെ(14, താനെ), ധനശ്രീ പാട്ടീല്‍(19, നാസിക്), ഭജന്‍പ്രീത് ബുള്ളര്‍(20, പവായ്), സുഷാന്ത് പാട്ടീല്‍(13, ദാദര്‍), നേഹാ സാവന്ത്(11, താനെ), രേഷ്മ ധോത്രെ(17, മുലുന്ദ്) എന്നിവരാണ് കഴിഞ്ഞ ആറു ദിവസങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :