ഐപി‌എല്‍ ലോക്സഭ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഐപി‌എല്‍ വിവാദത്തെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ലോക്സഭാനടപടികള്‍ ആദ്യം 12 മണി വരെയും പിന്നീട് 2 മണിവരെയും നിര്‍ത്തിവച്ചു.

സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഐപി‌എല്‍ വിവാദത്തെ കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷം അനുമതി തേടി. തുടര്‍ന്ന് സ്പീക്കര്‍ സമയം അനുവദിച്ചു. ദിവസേനയെന്നോണം ഐപി‌എല്‍ സംബന്ധിച്ച വിവാദങ്ങള്‍ പുറത്തുവരുകയാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഐപി‌എല്‍ സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.

വിവാദവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ രാജി വച്ചു എങ്കിലും നിലവില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്ക് എതിരെ കൂടി ആരോപണം ഉയര്‍ന്നിരിക്കുകയാണെന്നും സുഷമ ചൂണ്ടിക്കാട്ടി.

സുഷമയുടെ അഭിപ്രായത്തെ പിന്താങ്ങിയ ജനതാദള്‍ (യു) നേതാവ് ശരദ് യാദവ് ഐപി‌എല്‍ ‘കള്ളന്മാരുടെ ഗുഹ’ ആണെന്ന് അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ അംഗങ്ങളുടെ വികാരം മനസ്സിലാക്കുന്നു എന്ന് പറഞ്ഞ സഭാ നേതാവ് പ്രണാബ് മുഖര്‍ജി സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കാം എന്ന ഉറപ്പ് നല്‍കി. എന്നാല്‍, എല്ലാം വളരെപ്പെട്ടെന്ന് നടപ്പാക്കാന്‍ സാധിക്കില്ല എന്നും പ്രണാബ് പറഞ്ഞു. എന്നാല്‍, പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

12 മണിക്ക് വീണ്ടും സഭ ചേര്‍ന്നെങ്കിലും ഐപി‌എല്‍ വിവാദം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ഐപി‌എല്‍ വിവാദത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികളും നിര്‍ത്തിവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :