ഐഎസ്ആര്‍ഒയുടെ ചൊവ്വാദൌത്യത്തിനെതിരെ മാധവന്‍ നായര്‍

ബാംഗ്ലൂര്‍| WEBDUNIA|
PRO
ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയായ ചൊവ്വ ദൗത്യത്തെ വിമര്‍ശിച്ച് മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര് രംഗത്ത്‍. പ്രശസ്തിക്ക്‌വേണ്ടിയാണ് 450 കോടി രൂപയുടെ ചൊവ്വാ ദൗത്യത്തിന് അമിത പ്രാധാന്യം നല്‍കുന്നതെന്ന് മാധവന്‍ നായര്‍ ആരോപിച്ചു.

രാജ്യം വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുടെ ക്ഷാമം അനുഭവിച്ചുവരുന്നതിനിടയിലാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരി രംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ട് ട്രാന്‍സ്‌പോണ്ടറുകളുടെ ക്ഷാമം പരിഹരിക്കാന്‍ ഐഎസ്ആര്‍ഒ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബഹിരാകാശ വാഹനം അടക്കം പത്തിലധികം ഉപകരണങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കണം.
എന്നാല്‍ ചൊവ്വ ദൗത്യവുമായി മുന്നോട്ട് പോകുമ്പോഴും ജിഎസ്എല്‍വിയുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ കാലതാമസം വരികയാണ്.

പിഎസ്എല്‍വി. ഉപയോഗിച്ച് 1500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ചൊവ്വയുടെ വിദൂര ഉപഗ്രഹത്തില്‍ എത്തിച്ചാലും മാപ്പിങ് അടക്കമുള്ള ദൗത്യങ്ങള്‍ക്ക് കഴിയുമെന്ന് കരുതുന്നില്ല. ചൊവ്വ ദൗത്യത്തിനായുള്ള ഉപഗ്രഹങ്ങളുടെയും ഉപകരണങ്ങളുടെയും കാര്യത്തിലും വ്യക്തതയില്ലെന്ന് മാധവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ദൗത്യത്തിനായി ആദ്യം കണക്കാക്കിയത് 25 കിലോഗ്രാം ഭാരമുള്ള വിവിധ ഉപകരണങ്ങളായിരുന്നു. പിന്നീട് 14 കിലോഗ്രാമായി കുറഞ്ഞു. വീണ്ടും ഇതും കുറഞ്ഞേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വയുടെ ചിത്രങ്ങളെടുക്കാനുള്ള ക്യാമറ അടക്കം അഞ്ച് ഉപകരണങ്ങളാണ് ഇപ്പോള്‍ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാ ദൗത്യം ഏറെ സങ്കീര്‍ണതയും വെല്ലുവിളി നിറഞ്ഞതുമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

അതേസമയം ചൊവ്വ ദൗത്യവുമായി ഐഎസ്ആര്‍ഒ മുന്നോട്ട് തന്നെ പോകുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 21 നും നവംബര്‍ ഏഴിനും ഇടയില്‍ പിഎസ്എല്‍വിസി 25 റോക്കറ്റ് ഉപയോഗിച്ച് ചൊവ്വ ദൗത്യം നടത്താനാണ്‌നീക്കമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :