പെപ്സി കമ്പനിയുടെ ശീതള പാനീയത്തില്‍ ഗര്‍ഭനിരോധന ഉറ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരാതിക്കാരന് കമ്പനി 1,23,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹിയിലെ ഉപഭോക്തൃകോടതി വിധിച്ചു. ജസ്റ്റിസ് കെഡി കപൂറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.
ഡല്‍ഹി നിവാസിയായ സുദേശ് ശര്‍മയുടെ പരാതിയിലാണ് കോടതി ഉത്തരവ്. 2003 ല്‍ കാശ്മീരി ഗേറ്റിനു സമീപത്തെ കടയില്‍ നിന്ന് ഇയാള്‍ രണ്ട് പെപ്സി ബോട്ടിലുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ പാനീയം കഴിച്ചതോടെ സുദേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് പാനീയ ബോട്ടിലുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സീല്‍ ചെയ്ത കുപ്പികളിലൊന്നില്‍ ഗര്‍ഭ നിരോധന ഉറയും, മറ്റു മാലിന്യങ്ങളും കണ്ടെത്തിയത്.
അതേസമയം തങ്ങളുടെ ഭാഗത്ത് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പെപ്സി വാദിച്ചു. തങ്ങളുടെ ബ്രാന്‍ഡില്‍ ചില സാമൂഹ്യ വിരുദ്ധര്‍ ചെയ്ത പ്രവൃത്തിയാവാം ഇതെന്ന പെപ്സിയുടെ വാദം കോടതി തള്ളി. കൂടാതെ പെപ്സി പാനീയം വാങ്ങിയതിന് സുദേശ് ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും കമ്പനി വാദിച്ചെങ്കിലും കടയില്‍ നിന്ന് ഇത്തരം പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കടക്കാരനും ബില്ലോ, രസീതോ നല്‍കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.