ഉത്തരേന്ത്യയില്‍ പ്രളയം: മരണം 5000 കവിഞ്ഞേക്കും

ഡെറാഡൂണ്‍ | WEBDUNIA|
PRO
PRO
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 7000 പേരെയാണ് കാണാതായി. മഴയ്ക്ക് ശമനമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 50,000 ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുള്ള ചാര്‍ധാം യാത്രയിലുണ്ടായിരുന്ന തീര്‍ഥാടകരാണ് മരിച്ചവരില്‍ ഏറെയും. ഞായറാഴ്ച മുതല്‍ ദംതയില്‍ മാത്രം 25,000 ത്തോളം തീര്‍ഥാടകരാണ് കുടങ്ങിക്കിടക്കുന്നത്. യമുനോത്രിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ദംത.

കേദാര്‍നാഥിലാണ് പ്രളയക്കെടുത്തി കൊടിയ നാശംവിതച്ചത്. കൈലാസനാഥനായ ശിവന്റെ ഇരിപ്പിടമെന്ന് വിശ്വസിക്കപ്പെടുന്നതാണ് ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കേദാര്‍നാഥ് ക്ഷേത്രം. ക്ഷേത്രം ആറടി ഉയരത്തില്‍ ചെളിയില്‍ മുങ്ങിയനിലയിലാണ്. പ്രദേശത്തെ 60 ഗ്രാമങ്ങള്‍ പാടേ ഒലിച്ചുപോയി. മെയ്-ജൂണ്‍ കാലത്ത് തീര്‍ഥാടകര്‍ അഭയംപ്രാപിക്കാറുള്ള 90 ധര്‍മ്മശാലകള്‍ പൂര്‍ണമായും തകര്‍ന്നു. മന്ദാകനി നദി കരകവിഞ്ഞൊഴുകിയതോടെ 200 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

ദുരന്തത്തെ 'ഹിമാലയന്‍ സുനാമി'യെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. മരണസംഖ്യ വല്ലാതെ ഉയരുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു. പലസ്ഥലങ്ങളിലും മൃതദേഹങ്ങള്‍ നീക്കംചെയ്യാന്‍ തുടങ്ങിയിട്ടുപോലുമില്ല. പ്രളയത്തില്‍ കനത്ത ദുരിതമുണ്ടായ പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ 100 പൂജാരിമാരെക്കുറിച്ചും യാതൊരുവിവരവുമില്ല. രാംബദ പട്ടണത്തില്‍ കച്ചവടം നടത്തിയിരുന്ന ആയിരത്തോളം പേരെയും കാണാനില്ല. ഗുപ്തകക്ഷി, കുന്ദ്, അഗസ്ത്യമുനി എന്നീ നഗരങ്ങളിലെ മരണനിരക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.

400 ഓളം റോഡുകളും 21 പാലങ്ങളുമാണ് അതിശക്തമായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ജൂണ്‍ 23 മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :