കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇന്ത്യാക്കാരായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ കൊന്നവര്‍ക്ക് പത്മപുരസ്കാരം നല്‍കാനാവില്ലെന്ന് അറ്റോണി ജനറല്‍ കോടതിയില്‍ പരിഹസിച്ചു. നാവികര്‍ക്കെതിരെ സുവ ചുമത്തുന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങളും കടല്‍കൊള്ളയും തടയാന്‍ ലക്ഷ്യമിടുന്ന സുവനിയമം നാവികര്‍ക്കെതിരെ ചുമത്തരുതെന്ന ഇറ്റലിയുടെ ഹര്‍ജിയില്‍ അടുത്ത ആഴ്ച കോടതി അന്തിമ വാദം കേള്‍ക്കും. കേസില്‍ തീരുമാനമാകുന്നതു വരെ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി വാദം കേള്‍ക്കും.
നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സുവ നിയമത്തില്‍ വധശിക്ഷ ഉറപ്പുവരുത്തുന്ന 3 ജി (1) ഇവര്‍ക്ക് നേരെ ചുമത്തില്ല. 10 വര്‍ഷം തടവ് ഉറപ്പ് വരുത്തുന്ന വകുപ്പാണ് ചുമത്തുക. സുവ ചുമത്തുന്നതിനെ ഇറ്റലി ശക്തമായി എതിര്‍ക്കുന്നുണ്ട്.