ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഉന്നത നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും 12 മണിവരെ നിര്‍ത്തിവച്ചു. നോമിനേറ്റഡ് അംഗമായ ബി ജയശ്രീയുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായ ഉടനെ ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി അംഗങ്ങളാണ് ബഹളവുമായി നടുത്തളത്തിലിറങ്ങിയത്.

ബി ജെ പി അംഗങ്ങള്‍ക്ക് പിന്തുണയുമായി ഇടതു പാര്‍ട്ടികളും സമാജ്‌വാദി, രാഷ്ട്രീയ ജനതാദള്‍ അംഗങ്ങളും ചേര്‍ന്നതോടെ സഭാ നടപടികള്‍ പ്രക്ഷുബ്ദമാവുകയായിരുന്നു. ബഹളം കാരണം ചോദ്യോത്തരവേള ആരംഭിക്കാനായില്ല. ഇതിനെതുടര്‍ന്ന് ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചതായി സഭാ അധ്യക്ഷന്‍‌മാര്‍ അറിയിക്കുകയായിരുന്നു. ചോദ്യോത്തരവേളയ്ക്ക് ശേഷം സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രസ്താവന ഇറക്കുമെന്ന ഭരണപക്ഷത്തിന്‍റെ പ്രസ്താവനയും അംഗങ്ങളെ ശാ‍ന്താരാക്കിയില്ല.

ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ പ്രധാനമന്ത്രി തന്നെ വിശദീകരണം നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുമായി കൂടിക്കാഴ്ച നടത്തേണ്ടണടതിനാല്‍ പ്രധാനമന്ത്രി ലോക്സഭയില്‍ ഹാജരായിരുന്നില്ല.

അതേസമയം, നിലവിലെ ടെലിഫോണ്‍ ചട്ടം റദ്ദാക്കി പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനുതകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി തന്‍റെ ബ്ലോഗില്‍ ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ടെലിഫോണ്‍ സംഭാഷണം കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തി എന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :