ഇന്‍സാറ്റ്‌ താല്‍ക്കാലിക ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട| WEBDUNIA|
ഇന്ത്യയുടെ തദ്ദേശിയബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തിന്‍റെ സാക്‍ഷ്യപത്രമായി വാര്‍ത്താവിനിമയ ഉപഗ്രഹം ഇന്‍സാറ്റ്‌ - 4 സിആര്‍ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തി. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിഎസ്‌എല്‍വിയുടെ അഞ്ചാം ദൗത്യത്തിലാണ് ഇന്ത്യയില്‍നിന്നു വിക്ഷേപിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്‌ - 4 സിആര്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.

ഞായറാഴ്ച വൈകിട്ട്‌ 6.20ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഇന്‍സാറ്റ്‌ - 4 സിആറിനെയും വഹിച്ചു ജിഎസ്‌എല്‍വി - എഫ്‌ 04 റോക്കറ്റ്‌ കുതിച്ചുയര്‍ന്നത്‌. കൗണ്ട്‌ ഡൗണ്‍ ക്ലോക്കിലെ തകരാറ് കാരണം വിക്ഷേപണം രണ്ടു മണിക്കൂറോളം വൈകിയിരുന്നു.

ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണത്തില്‍ ഉള്‍പ്പടെ വന്‍ മാറ്റങ്ങള്‍ക്ക് ഈ ഉപഗ്രഹം തുടക്കമിടുമെന്നാണ് വിലയിരുത്തല്‍.ഡയറക്ട്‌ ടു ഹോം (ഡിടിഎച്ച്‌), ഡിജിറ്റല്‍ സാറ്റലൈറ്റ്‌ ഗാതറിങ്‌ (ഡിഎസ്‌എന്‍ജി) തുടങ്ങിയവയക്കാണ് ഇത് കാരണം ഏറെ പ്രയോജനം ലഭിക്കുക.

ഇന്ത്യ വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച തയാറാക്കിയ ജിഎസ്‌എല്‍വി - എഫ്‌ 04 റോക്കറ്റിന് 49 മീറ്റര്‍ പൊക്കവും 414 ടണ്‍ ഭാരവുമാണുള്ളത്. ഖര, ദ്രാവക, അതിശീത അവസ്ഥകളിലുള്ള മൂന്നു ഭാഗങ്ങള്‍ അടങ്ങുന്നതാണ്‌ ഈ റോക്കറ്റ്‌.

താല്‍കാലിക ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ 36000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കും.കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച ജിഎസ്‌എല്‍വി - എഫ്‌ 02 ഇന്ധന റഗുലേറ്ററിലെ തകരാറുമൂലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നഷ്ടമായ ഇന്‍സാറ്റ്‌ - 4 സിക്കു പകരമാണു പുതിയ ഉപഗ്രഹം തയാറാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :