ഇന്ധനവില: യുപി‌എ സഖ്യത്തില്‍ എതിര്‍പ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
കേന്ദ്ര ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കാനെടുത്ത തീരുമാനം യുപി‌എ സഖ്യകക്ഷികളും എതിര്‍ക്കുന്നു. വിലവര്‍ദ്ധിപ്പിച്ച തീരുമാനത്തില്‍ നിന്ന് പിന്‍‌മാറണം എന്ന് ഡി‌എം‌കെയും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

വില വര്‍ദ്ധിപ്പിച്ച നടപടി പുന:പരിശോധിക്കില്ല എന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയ ശേഷമാണ് ഡി‌എം‌കെ അധ്യക്ഷന്‍ എം കരുണാനിധിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

യുപി‌എ അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, ധനമന്ത്രി പ്രണാബ് മുഖര്‍ജി എന്നിവര്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കരുണാനിധി കത്ത് നല്‍കിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധന ഭക്ഷണവിലയിലും കാര്യമായ വ്യത്യാസമുണ്ടാക്കുമെന്ന് കരുണാനിധി പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നു.

ഇന്ധന വിലവര്‍ദ്ധനയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഭക്‍ഷ്യ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുമെന്നും അതിനാല്‍ ഡീസലിന്റെ വിലവര്‍ദ്ധനയെങ്കിലും പിന്‍‌വലിക്കണം എന്നും കരുണാനിധി ആവശ്യപ്പെടുന്നു.

എന്നാല്‍, ഇന്ധന വില വര്‍ദ്ധിപ്പിച്ച നടപടിയെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 112 ഡോളര്‍ ആയപ്പോള്‍ നികുതി വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ക്രൂഡോയില്‍ വില താണിരിക്കുകയാണെന്നും പ്രധാനമന്ത്രി വിലവര്‍ദ്ധനയെ ന്യായീകരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :