ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണം ഓസ്ട്രേലിയയില്‍ തുടരുകയാണ്. മെല്‍ബണിന് സമീപം ഇന്ത്യക്കാരനായ ടാക്സി ഡ്രൈവര്‍ക്ക് ടാക്സിയിലെ യാത്രക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റു. എന്നാല്‍ ഇത് ഒരു വംശീയാക്രമണം അല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായ സംഭവമാണെന്നും പൊലീസ് പറയുന്നു.
25കാരനായ ടാക്സി ഡ്രൈവര്‍ക്കാണ് യാത്രക്കാരില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമേറ്റത്. ഡ്രൈവറുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകളും നീരുമുണ്ട്. ബെല്ലാരത്തിലെ വിക്ടോറിയന്‍ സിറ്റിയിലാണ് സംഭവം. ടാക്സി യാത്രക്കാരായ നാലുപേര്‍ പ്രകോപനമില്ലാതെ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
എന്നാല്‍ ഇതൊരു വംശീയ ആക്രമണമല്ലെന്ന് ബെല്ലാരത് പൊലീസ് പറയുന്നു. “യാത്ര ആരംഭിച്ചപ്പോള്‍ തന്നെ ഡ്രൈവറുടെ നേര്‍ക്ക് അവര്‍ ആക്രമണം ആരംഭിച്ചു. ഡ്രൈവറെ അസഭ്യം പറയുകയും പിന്‍സീറ്റിലിരുന്ന് ഡ്രൈവറുടെ നേരെ തുപ്പുകയും ചെയ്തു. അതിനു ശേഷമായിരുന്നു മര്‍ദ്ദനം” - പൊലീസ് പറയുന്നു.
16നും 18നും ഇടയിലുള്ളവരായിരുന്നു ആക്രമണം നടത്തിയതെന്നും ഇത് ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സതീഷ് എന്ന ഇന്ത്യന്‍ ടാക്സി ഡ്രൈവര്‍ക്കു നേരെയും സമാനമായ ആക്രമണം മെല്‍ബണില്‍ അരങ്ങേറിയിരുന്നു.