ഇന്ത്യക്കാരനെ ഓസ്ട്രേലിയയില്‍ കൊലചെയ്തു

റഷ്‌വര്‍ത്ത്| WEBDUNIA| Last Modified ശനി, 23 ഏപ്രില്‍ 2011 (15:40 IST)
PRO
ഓസ്ട്രേലിയയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കൊലപാതകത്തിനിരയായി. പഞ്ചാബിലെ ലഖ്‌പുര സ്വദേശിയായ ലഖ്‌വിന്ദര്‍ സിംഗ് (28) ആണ് ഓസ്ട്രേലിയയിലെ റഷ്‌വര്‍ത്തില്‍ കുത്തേറ്റ് മരിച്ചത്. ഇവിടെ ഒരു ഫാമിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം.

അജ്ഞാതരായ ആളുകള്‍ സിംഗിന്റെ താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലഖ്‌വിന്ദര്‍ സിംഗും ഭാര്യ ബീന്ത് കൌറും ബന്ധുക്കളുടെ സഹായത്തോടെയായിരുന്നു ഓസ്ട്രേലിയയില്‍ എത്തിയത്. ആദ്യം ബ്രിസ്ബേണിലായിരുന്ന ഇവര്‍ പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം തേടി മെല്‍ബണിലെത്തുകയായിരുന്നു.

ഏപ്രില്‍ അഞ്ചിന് ബീന്ത് കൌര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ലഖ്‌വിന്ദര്‍ ഉടനെ നാട്ടിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കുടുംബാഗങ്ങളെ തേടി മരണ വാര്‍ത്ത എത്തിയത്.

നേരത്തെ, നിതിന്‍ ഗാര്‍ഗ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മെല്‍‌ബണില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :