പാകുമായുള്ള ബന്ധം വഷളായിരിക്കെ, ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് 4,100 മിലാന് 2ടി ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന നടപടി ത്വരിതഗതിയിലാക്കുന്നു.
ഫ്രാന്‍സുമായുള്ള 592 കോടി രൂപയുടെ മിസൈല്‍ കരാര്‍ കഴിഞ്ഞ കുറെകാലമായി പരിഗണിക്കാതെയിരിക്കുകയായിരുന്നു. എന്നാല്‍, മുംബൈ ഭീകരാക്രാമണത്തിനു ശേഷം നടപടികള്‍ വേഗത്തിലാക്കി എന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ സുചിപ്പിക്കുന്നു. ആവശ്യത്തിനുള്ള നാഗ് മിസൈല്‍ സൈന്യത്തിന് ലഭ്യമാവാത്തതാണ് ഫ്രാന്‍സില്‍ നിന്നുള്ള മിസൈല്‍ വാങ്ങാന്‍ കാരണം.
യുദ്ധമേഖലയില്‍ ടാങ്കുകളുടെ പ്രാധാന്യവും നേര്‍ക്കു നേര് പോരാട്ടത്തിനുള്ള സാധ്യതയും കുറഞ്ഞ് വരികയാണെങ്കിലും ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ ടാങ്കുകള്‍ക്ക് പ്രാധാന്യമുണ്ടാവും. അതിനാല്‍ തന്നെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള 1,657 ടി-90 ടാങ്കുകള്‍ സൈന്യത്തിന് ലഭ്യമാക്കുന്ന നടപടിയും വേഗത്തിലാക്കിയിട്ടുണ്ട്. അതോടൊപ്പം, ടി-72 ടാങ്കുകള്‍ നവീകരിക്കുന്ന ജോലിയും വേഗത്തില്‍ നടക്കുന്നു.
പാകിസ്ഥാന്, ഉക്രൈനില്‍ നിന്ന് ടി-84 ടാങ്കുകള്‍ സൈന്യത്തിന് ലഭ്യമാക്കുന്ന നടപടികളിലാണ്. ടി-80 യുഡി, അല്‍-ഖാലിദ് തുടങ്ങിയ ടാങ്കുകളുടെ ശക്തമായ നിരയാണ് പാകിസ്ഥാനുള്ളത്.
ഇന്ത്യ 15,000 കൊങ്കുര്‍സ്-എം മിസൈലുകള്‍ക്ക് ഓര്‍ഡര്‍ നല്കി മാസങ്ങള്‍ക്ക് ശേഷമാണ് 4,100 മിലാന് മിസൈലുകള്‍ക്ക് കൂടി ഓര്‍ഡര്‍ ചെയ്യുന്നത്.