എയര്‍കണ്ടീഷന്‍ ചെയ്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിശോധനയ്ക്കും അഞ്ച് ശതമാനം സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ പരിഗണിച്ചാണ് സേവനനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുന്നത് എന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു.
25 രോഗികളെ പ്രവേശിപ്പിക്കാവുന്ന എയര്‍ കണ്ടീഷന്‍ ചെയ്ത ആശുപത്രികളിലെ ആരോഗ്യപരിശോധനകള്‍ക്ക് ഇത്തവണത്തെ കേന്ദ്രബജറ്റില്‍ അഞ്ച് ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ബജറ്റ് ചര്‍ച്ചകളില്‍ സഭാംഗങ്ങള്‍ ഇതെക്കുറിച്ച് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായല്ല മറിച്ച് ചരക്ക് സേവന നികുതിയിലേക്കുള്ള വഴി തുറക്കുന്നതിനായാണ് ഇക്കാര്യം നടപ്പാക്കാനിരുന്നതെന്ന് പ്രണബ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കി.
റെഡിമെയ്ഡ് വസ്ത്രനിര്മ്മാതാക്കള്ക്കും അദ്ദേഹം ചില ഇളവുകള്‍ പ്രഖ്യാപിച്ചു. ചില ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ നികുതിയില്‍ ഇളവുകള്‍ വരുത്തുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് 10 ശതമാനം സേവന നികുതി ഏര്‍പ്പെടുത്തുന്നത് ചെറുകിട വ്യാപാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണിത്.
ലോക്സഭയില്‍ ധനകാര്യ ബില്ലിന്മേലുളള ചര്‍ച്ചയിലാണ് പ്രണബ് ഈ തീരുമാനങ്ങള്‍ അറിയിച്ചത്. ചരക്കു സേവന നികുതി നടപ്പാക്കുന്നതിനായുള്ള നിയമഭേദഗതി ബില്‍ അദ്ദേഹം ലോക്സഭയുടെ മേശപ്പുറത്ത് വച്ചു.
പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ ഒരുക്കമാണെന്നും പ്രണാബ് വ്യക്തമാക്കി.