ആന്‍ഡേഴ്സനെ രക്ഷപെടുത്തിയത് അര്‍ജ്ജുന്‍ സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
ഭോപ്പാല്‍ വാതക ദുരന്ത കേസിലെ മുഖ്യ പ്രതികളിലൊരാളായ യൂണിയന്‍ കാര്‍ബെഡ് സി‌ഇ‌ഒ വാറന്‍ ആന്‍ഡേഴ്സനെ രക്ഷപെടുത്താന്‍ നിര്‍ദ്ദേശിച്ചത് അര്‍ജ്ജുന്‍ സിംഗാണെന്ന് വെളിപ്പെടുത്തല്‍. മധ്യപ്രദേശ് മുന്‍ ഏവിയേഷന്‍ ഡയറക്ടര്‍ ആര്‍ എസ് സോന്ധിയാണ് വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഭോപ്പാലില്‍ നിന്ന് ആന്‍ഡേഴ്സനെ ഉടന്‍ തന്നെ രക്ഷപെടുത്തണമെന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അര്‍ജ്ജുന്‍ സിംഗിന്റെ തീരുമാനമായിരുന്നു. അര്‍ജ്ജുന്‍ സിംഗ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് അനുസരിച്ചായിരുന്നു താന്‍ ആന്‍ഡേഴ്സന്റെ യാത്രക്കുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. അതേസമയം‍, നേരിട്ടല്ലെങ്കിലും ആന്‍‌ഡേഴ്സണ്‍ രക്ഷപെടാന്‍ കാരണമായതില്‍ തനിക്ക് അഗാധമായ ദു:ഖമുണ്ടെന്നും സോന്ധി പറയുന്നു.

ഭോപ്പാല്‍ ദുരന്തം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം 1984 ഡിസംബര്‍ ഏഴിനായിരുന്നു ഭോപ്പാലില്‍ നിന്ന് ആന്‍ഡേഴ്സണെ രക്ഷപെടാന്‍ അനുവദിച്ചത്. ആന്‍ഡേഴ്സനെ ഭോപ്പാലിനു പുറത്തേക്ക് എത്തിച്ച വിമാനത്തിന്റെ പൈലറ്റ് അലി നടത്തിയ വെളിപ്പെടുത്തലിനു ശേഷമാണ് സോന്ധിയും ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആന്‍ഡേഴ്സനെയും കൊണ്ട് പറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് ഏവിയേഷന്‍ ഡയറക്ടറായിരുന്നു എന്ന് അലി വെളിപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ മോട്ടി സിംഗ് പൊലീസ് എസ്പി പുരി എന്നിവരും മറ്റ് ചില ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആന്‍ഡേഷസനെ വിമാനത്താവളത്തിലേക്ക് അനുഗമിച്ചിരുന്നു. ഇവര്‍ ഒരു വെള്ള അംബാസഡര്‍ കാറിലായിരുന്നു വന്നത് എന്നും അലി വ്യക്തമാക്കിയിരുന്നു.

മെറൂണ്‍ നിറത്തിലുള്ള സ്യൂട്ട് ധരിച്ചെത്തിയിരുന്ന ആന്‍ഡേഷസന്‍ അസ്വസ്ഥനും ക്ഷീണിതനുമായിരുന്നു എന്ന് അലി ഓര്‍ക്കുന്നു. വൈകിട്ട് നാല് മണിക്കായിരുന്നു ഭോപ്പാലില്‍ നിന്ന് വിമാനം യാത്രതിരിച്ചത്. 95 മിനിറ്റുകൊണ്ട് ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെത്തിയ ശേഷം വിമാനത്താവള ഗേറ്റ് വരെ ആന്‍ഡേഴ്സനെ അനുഗമിച്ചു എന്നും അലി വെളിപ്പെടുത്തുന്നു.

ആന്‍ഡേഴ്സനെ അര്‍ജ്ജുന്‍ സിംഗാണ് രക്ഷപെടുത്തിയത് എന്ന ആരോപണം ശക്തമാകവെ കോണ്‍ഗ്രസ് ഇതെ കുറിച്ച് പ്രതികരണം നടത്താന്‍ മടിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :