ആണവ വസ്തുക്കള്‍ സുരക്ഷിതം: സിംഗ്

ടൊറന്റോ| WEBDUNIA| Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (08:44 IST)
നല്‍കുന്ന ആണവ വസ്തുക്കളും ഉപകരണങ്ങളും ഇന്ത്യയുടെ കൈവശം സുരക്ഷിതമായിരിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ഇന്ത്യയും കാനഡയും തമ്മിലുള്ള ആണവ കരാര്‍ ഒപ്പിട്ട ശേഷം കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുമൊത്ത് മാധ്യമ സമ്മേളനം നടത്തുകയായിരുന്നു സിംഗ്.

അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായുള്ള കരാര്‍ അനുസരിച്ച് കാനഡ ഇന്ത്യയ്ക്ക് നല്‍കുന്ന ആണവ വസ്തുക്കള്‍ക്ക് പരിപൂര്‍ണ സുരക്ഷ നല്‍കും. ആണവ വസ്തുക്കള്‍ ദുരുദ്ദേശപരമായി ഉപയോഗപ്പെടുത്തില്ല. ഇന്ത്യന്‍ കയറ്റുമതി രംഗം പൂര്‍ണമായും നിയന്ത്രണത്തിലുള്ളതാണ് എന്നും സിംഗ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

യു എസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങി എട്ട് രാജ്യങ്ങളുമായി ഇതിനോടകം ആണവ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവകരാറില്‍ ഒപ്പ് വച്ചത്.

1971 ല്‍ നടന്ന പൊഖ്‌റാന്‍-1 ആണവ പരീക്ഷണവും 1998 ല്‍ നടന്ന പൊഖ്‌റാന്‍-2 ആണവ പരീക്ഷണവും കാരണം കാനഡ ഇന്ത്യയ്ക്ക് മേല്‍ ആണവ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാല്‍, നിലവില്‍ യുക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുമായുള്ള കരാറില്‍ കാനഡ ഒപ്പ് വച്ചതെന്ന് സ്റ്റീഫന്‍ ഹാര്‍പര്‍ പറഞ്ഞു.

ഇന്ത്യ ഒരു ‘പവര്‍ ഹൌസ്’ ആണെന്നും ആഗോള തലത്തില്‍ രാജ്യത്തിന് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും ഹാര്‍പര്‍ പറഞ്ഞു. വ്യാപാരപരമായ ഉദ്ദേശം മാത്രമല്ല ഉഭയകക്ഷി ബന്ധത്തിന്റെ ചിഹ്നമായും ഇന്തോ--കാനഡ കരാറിനെ കാണണമെന്ന് ഹാര്‍പര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :