ആം ആദ്‌മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച 15 വാഗ്‌ദാനങ്ങള്‍

ന്യൂഡല്‍ഹി| Joys Joy| Last Updated: ബുധന്‍, 11 ഫെബ്രുവരി 2015 (13:07 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എഴുപതില്‍ അറുപത്തിയേഴ് സീറ്റിലും വിജയിച്ചത് ആം ആദ്‌മി പാര്‍ട്ടിയെ തന്നെ ആദ്യം ഒന്നു ഞെട്ടിച്ചു. എന്നാല്‍, ആം ആദ്‌മി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച 15 വാഗ്‌ദാനങ്ങള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

1. ജന്‍ലോക്‌പാല്‍ ബില്‍: ഡല്‍ഹി ജന്‍ലോക്പാല്‍ ബില്‍ ആണ് ഇതില്‍ ഒന്നാമത്. അധികാരത്തിലെത്തിയാല്‍ അഴിമതിയുടെ കറ പുരണ്ടവരെ ലോക്‌പാലിന്റെ പരിധിയില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തുമെന്നായിരുന്നു വാഗ്‌ദാനങ്ങളില്‍ ഏറ്റവും മികച്ചത്. അഴിമതി കണ്ടുമടുത്ത ഡല്‍ഹിക്കാര്‍ക്ക് അത് ശുഭപ്രതീക്ഷയാണ് നല്കുന്നത്.

2. സ്വരാജ് ബില്‍: സ്വരാജ് ബില്‍ നടപ്പാക്കുന്നതോടെ അധികാരം ജനങ്ങളിലേക്കെത്തും. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിലുള്ള തീരുമാനം പൊതുജനം കൈക്കൊള്ളുകയും അത് സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും ചെയ്യും.

3. ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാന പദവി: ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി നേടിക്കൊടുക്കും എന്നതാണ് എ എ പിയുടെ മറ്റൊരു വാഗ്ദാനം. നിലവില്‍ അര്‍ദ്ധസംസ്ഥാനപദവിയാണ് ഡല്‍ഹിക്ക്. പൂര്‍ണസംസ്ഥാന പദവി ലഭിക്കുകയാണെങ്കില്‍ ഡി ഡി എ, എം സി ഡി, ഡല്‍ഹി പൊലീസ് എന്നിവര്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരും.

4. വൈദ്യുതിബില്‍ പകുതിയായി കുറയ്ക്കും: സംസ്ഥാനത്ത് നിലവില്‍ നല്കേണ്ടി വരുന്ന വൈദ്യുതി ബില്‍ പകുതിയായി കുറയ്ക്കും.

5. ഇഷ്‌ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാന്‍ അവസരം: ഇഷ്‌ടമുള്ള വൈദ്യുതി വിതരണക്കാരെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് അവസരം നല്കും. ഇത് വിതരണക്കാര്‍ക്കിടയില്‍ മത്സരം ഉണ്ടാകാനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും കഴിയും.

6. ഡല്‍ഹിയെ സോളാര്‍ നഗരമാക്കും

7. ജലലഭ്യത അവകാശമാക്കും: ശുദ്ധമായ കുടിവെള്ളം ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കും. ശുദ്ധജലം ഓരോ പൌരന്റെയും അവകാശമാണെന്ന നിലപാടാണ് എ എ പിക്ക്.

8. സൌജന്യവെള്ളം: ഒരുമാസം 20, 000 ലിറ്റര്‍ വെള്ളം വരെ എല്ലാ വീടുകള്‍ക്കും ലഭിക്കും. എന്നാല്‍, 20, 000 ലിറ്ററില്‍ കൂടുതലായാല്‍ മുഴുവന്‍ വെള്ളത്തിനും പണം നല്കണം.

9. യമുനയുടെ പുനരുദ്ധാരണം

10. പൊതുകക്കൂസുകള്‍ പണിയും: നഗരത്തിലെ ചേരികളില്‍ ഒന്നരലക്ഷത്തോളം ടോയ്‌ലറ്റുകള്‍ പണിയുമെന്നതാണ് മറ്റൊരു വാഗ്‌ദാനം. പൊതു ഇടങ്ങളില്‍ 50, 000 ത്തോളം ടോയ്‌ലറ്റുകളും നിര്‍മ്മിക്കും. ഇതില്‍ തന്നെ ഒരു ലക്ഷം ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടിയായിരിക്കും.

11. പുതിയ വിദ്യാലയങ്ങള്‍: 500 പുതിയ സ്കൂളുകള്‍ പണിയും. സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് ആയിരിക്കും മുന്‍ഗണന. ഡല്‍ഹിയിലെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എളുപ്പത്തില്‍ എത്തിക്കുന്നത് ലക്‌ഷ്യം വെച്ചായിരിക്കും ഇത്.

12. പുതിയ കോളജുകള്‍: പുതുതായി 20 കോളജുകള്‍ പണികഴിപ്പിക്കും. ഡല്‍ഹിയിലെ ഗ്രാമങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്.

13. സ്കൂള്‍ ഫീസുകള്‍ നിജപ്പെടുത്തും: നഗരത്തിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് പുതുതായി ക്രമീകരിക്കും. കാപിറ്റേഷന്‍ ഫീസ് നിരോധിക്കും. ക്രമപ്പെടുത്തിയ ഫീസ് ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്യും.

14. ഇ - ഗവേണന്‍സ്: സര്‍ക്കാരിന്റെ എല്ലാ സേവനങ്ങള്‍ക്കുള്ള ഫോമുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കും.

15. സ്‌മാര്‍ട് ഡല്‍ഹി : നഗരത്തില്‍ ഫ്രീ വൈഫി ആം ആദ്‌മി പാര്‍ട്ടി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ഡി റ്റി സി ബസുകളില്‍ 10, 000 സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നത് ലക്‌ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :