അഴിച്ചുപണി അഴിമതിക്കാരെ ഒഴിവാക്കാന്‍?

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2010 (11:16 IST)
കേന്ദ്ര മന്ത്രിസഭയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാനപ്പെട്ട അഴിച്ചുപണികള്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയ്ക്ക് യുവാക്കളുടെ പ്രതിച്ഛായ നല്‍കാനാണ് അഴിച്ചുപണിയെന്ന് പ്രധാനമന്ത്രി പറയുന്നുണ്ട് എങ്കിലും ഗെയിംസ് അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനാണ് ഇതെന്നാണ് സൂചന.

പ്രധാനമന്ത്രി ഞായറാഴ്ച ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പ് മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നാണ് സൂചന. നവംബര്‍ രണ്ടിന് എഐസിസി യോഗത്തിന് തൊട്ടു മുമ്പായിരിക്കും സിംഗ് മടങ്ങിയെത്തുക. അഞ്ചാം തീയതി ദീപാവലിയും ഏഴും എട്ടും ബരാക്ക് ഒബാമയുടെ സന്ദര്‍ശനവും ഒമ്പതിന് ശീതകാല സമ്മേളനവുമൊക്കെയായി പ്രധാനമന്ത്രി കൂടുതല്‍ തിരക്കിലാവുമെന്നതിനാലാണ് മന്ത്രിസഭാ പുന:സംഘടന നേരത്തെയാക്കുന്നത് എന്നാണ് സൂചന.

സ്പോര്‍ട്സ് മന്ത്രി എം എസ് ഗില്‍, നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചന. വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ ഒഴിവിലേക്ക് നിയമനം നടത്തുകയും ടെലികോ മന്ത്രി രാജയെ വകുപ്പ് മാറ്റുകയും ചെയ്യുമെന്ന് സൂചനയുണ്ട്. കുറഞ്ഞത് അഞ്ച് വകുപ്പുകളില്‍ എങ്കിലും അഴിച്ചുപണി നടക്കുമെന്നാണ് സൂചന.

മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനം നല്‍കി അതൃപ്തി ഒഴിവാക്കാനും പദ്ധതി തയ്യാറായതായാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :