അഫ്സലിന് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 23 ജൂണ്‍ 2010 (09:30 IST)
PRO
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രധാന പ്രതി അഫ്സല്‍ ഗുരുവിന് വധ ശിക്ഷ നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശചെയ്തു എന്ന് റിപ്പോര്‍ട്ട്. ദയാഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് രാഷ്ട്രപതി അറിയിച്ചതിനു മറുപടിയായാണ് ശുപാര്‍ശ നല്‍കിയത്.

രാഷ്ട്രപതിക്ക് മുന്നിലുള്ള അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി പരിഗണിക്കേണ്ട എന്നാണ് ആഭ്യന്തരമന്ത്രാലയം അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഡല്‍ഹി സര്‍ക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാതിരുന്നത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണത്തിലൂടെ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് അഫ്സല്‍ ഗുരു ചെയ്തിരിക്കുന്നത് എന്നാണ് ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിരിക്കുന്നത്. സാധാരണ ഗതിയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ അനുസരിച്ച് രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍, എഴുപത്തിരണ്ടാം വകുപ്പ് അനുസരിച്ച് ജീവപര്യന്തമായി ലഘൂകരിക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്.

ഡല്‍ഹിയിലെ വിചാരണ കോടതി 2002 ഡിസംബര്‍ 18 ന് ആണ് അഫ്സല്‍ ഗുരുവിന് വധ ശിക്ഷ വിധിച്ചത്. 2003 ഒക്ടോബര്‍ 29 ന് ഡല്‍ഹി ഹൈക്കോടതി ശിക്ഷ ശരിവച്ചു. 2005 ഓഗസ്റ്റ് നാലിന് അഫ്സല്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിക്കളയുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :