അണ്ണാ നിലപാടില്‍ ഉറച്ച്, പ്രധാനമന്ത്രിക്ക് കത്തെഴുതി

ന്യൂഡല്‍ഹി| WEBDUNIA|
PTI
തന്റെ നിലപാടില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല എന്ന് അണ്ണാ ഹസാരെ. താന്‍ നിര്‍ദ്ദേശിച്ച മൂന്ന് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റ് ലോക്പാല്‍ പ്രമേയം പാസാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഹസാരെ പ്രധാനമന്ത്രിക്ക് കത്തെഴുതി.

ജനലോക്പാലിന് വേണ്ടി അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരം ആരംഭിച്ച ശേഷം ഹസാരെയുടെ ശരീരഭാരം ഏഴ് കിലോ കുറഞ്ഞതായി മെഡിക്കല്‍ സംഘം വെള്ളിയാഴ്ച പറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഡോക്ടര്‍‌മാര്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല.

നിരാഹാര സമരം നടക്കുന്ന രാം‌ലീലയില്‍ തോരാത്ത മഴയത്തും ആയിരക്കണക്കിന് ആളുകളാണ് ഹസാരെയ്ക്ക് പിന്തുണ അറിയിക്കാന്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസം ഹസാരെ മുന്നോട്ടു വച്ച മൂന്ന് വ്യവസ്ഥകള്‍ അടക്കം എല്ലാ നിര്‍ദ്ദേശങ്ങളും വെള്ളിയാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, പ്രമേയത്തിന്റെ ഉള്ളടക്കത്തിന് അന്തിമ രൂ‍പം ആയിട്ടില്ല എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിച്ചാല്‍ പ്രമേയം ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ വ്യവസ്ഥ. എന്നാല്‍, പ്രമേയം പാസാക്കാതെ നിരാഹാരത്തില്‍ നിന്ന് പിന്‍‌മാറില്ല എന്ന കടുത്ത നിലപാടിലാണ് അണ്ണാ ഹസാരെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :