വീടിനു സമീപം കുട്ടികൾ ഒച്ചവച്ച് കളിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് രണ്ട് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു

കളിനിർത്താത്തതിൽ ക്ഷുഭിതനായ ദേവരാജ് കത്തിയെടുത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു.

Last Modified തിങ്കള്‍, 6 മെയ് 2019 (08:56 IST)
അമിത മദ്യപാനത്തിനും മാനസിക പ്രശ്നങ്ങൾക്കും ചികിത്സയിലായിരുന്ന യുവാവ് ഒൻപതും നാലും വയസ്സുള്ള കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു. മംഗലാപുരം ഗക്തിനഗറിലാണ് സംഭവം. അമിതമായി മദ്യപിച്ച നിലയിലാണ് ദേവരാജ് കുട്ടികൾക്കു നേരെ തിരിഞ്ഞത്.

പൊലീസ് പറയുന്നത് ഇങ്ങനെ- സഹോദരങ്ങളായ രണ്ടുകുട്ടികളും ദേവരാജിന് വീടിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം ഒച്ചവെക്കുന്നുവെന്ന് പറഞ്ഞു ദേവരാജ് ഇവരോട് വഴക്കിട്ടു. കളിനിർത്താത്തതിൽ ക്ഷുഭിതനായ ദേവരാജ് കത്തിയെടുത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. മദ്യപിച്ച അവസ്ഥയിലായിരുന്നതിനാൽ കുട്ടികൾ ജീവഹാനി സംഭവിച്ചേക്കാവുന്ന ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

മാനസിക പ്രശ്നങ്ങൾക്ക് മകൻ ചികിത്സയിലാണെന്ന് ദേവരാജിന്റെ അമ്മ പറയുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ദേവരാജിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :